ഇന്‍സിനറേറ്റര്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം വാങ്ങി യുവാവ് കബളിപ്പിച്ചു
പേരൂര്‍ക്കട: മാലിന്യപ്രശ്‌നത്തിനു പരിഹാരമായി പുത്തന്‍ ഇന്‍സിനറേറ്റര്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍നിന്നു യുവാവ് പണം വാങ്ങി കബളിപ്പിച്ചതായി പരാതി. കരകുളം ആറാംകല്ല് പുരവൂര്‍ക്കോണം ആശാരിവിളാകത്ത് വീട്ടില്‍ അജയകുമാറിനെതിരേയാണ് പരാതി. തിരുമല ഇടപ്പഴിഞ്ഞി സ്വദേശിയും ബിനു ഇന്‍ വര്‍ക്‌സ് എന്ന വര്‍ക്‌ഷോപ്പ് നടത്തുന്നയാളുമായ പി. വിജയന്റേതാണ് ഏറ്റവും ഒടുവിലത്തെ പരാതി.
ഇഴപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ വര്‍ക്‌ഷോപ്പില്‍നിന്ന് ഉണ്ടാകുന്ന മാലിന്യം കത്തിച്ചുകളയുന്നതിന് അജയകുമാര്‍ ഒരു ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചുനല്‍കാമെന്നു പറഞ്ഞു. ഇതിനായി 46,500 രൂപ വിജയന്റെ പക്കല്‍നിന്നു വാങ്ങി. എന്നാല്‍ വര്‍ക്കിന്റെ പകുതിപോലും പൂര്‍ത്തീകരിക്കാതെ പണവുമായി ഇദ്ദേഹം മുങ്ങി. തുടര്‍ന്ന് വിജയന്‍ പൂജപ്പുര പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. യാതൊരുവിധ സുരക്ഷാസംവിധാനവുമില്ലാതെ ഇന്‍സിനറേറ്ററിന്റെ ബാഹ്യഭാഗം മാത്രം നിര്‍മിച്ച് ഉപേക്ഷിച്ച അവസ്ഥയിലാണിപ്പോള്‍. ജവഹര്‍നഗറിലെ ഹരിത ഊര്‍ജ്ജ എന്ന ബയോഗ്യാസ് സ്ഥാപനത്തിന് പ്ലാന്റുകള്‍ നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് പണം കൈപ്പറ്റിയ യുവാവ് ഇതു പൂര്‍ത്തീകരിച്ചില്ല. 90,000 ഓളം രൂപയാണ് അജയകുമാര്‍ കൈപ്പറ്റിയതെന്നു ഹരിതഊര്‍ജ്ജയുടെ എം.ഡി ബിജു പറഞ്ഞു. ഹരിതഊര്‍ജ്ജയ്ക്കുവേണ്ടി കൊല്ലത്തു നിര്‍മ്മിച്ച പ്ലാന്റ് പകുതിവഴിയില്‍ ഉപേക്ഷിച്ചു.
കുമാരപുരം സ്വദേശിയായ ഒരാളില്‍നിന്ന് മാലിന്യപ്ലാന്റ് നിര്‍മ്മിച്ചുനല്‍കാമെന്നു പറഞ്ഞും 50,000 ഓളം രൂപ കൈപ്പറ്റിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കരകുളത്തിനു സമീപത്തെ ഒരു ആശുപത്രിയിലേക്ക് പണം അഡ്വാന്‍സ് വാങ്ങി നിര്‍മിച്ച ആദ്യപ്ലാന്റ് പരാജയമായി. ആശുപത്രിക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പുതിയൊരു പ്ലാന്റ് നിര്‍മിച്ചു നല്‍കിയത്. കൊല്ലത്തെ കെ.എഫ്.സിക്കുവേണ്ടി നിര്‍മിക്കാമെന്ന് ഏറ്റ പ്ലാന്റിന്റെ നിര്‍മാണവും അഡ്വാന്‍സ് വാങ്ങലിലും പാതിനിര്‍മാണത്തിലുമായി ചുരുങ്ങി.
ഇഴപ്പഴിഞ്ഞിയിലെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തപക്ഷം മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് വിജയന്‍. അതേസമയം ഇഴപ്പഴിഞ്ഞിയിലെ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ അന്വേഷണം നടത്തിവരുന്നതായി പൂജപ്പുര എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."