കോത്തഗിരി വിളിക്കുന്നു
കോത്തഗിരി മലനിരകള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പ്രകൃതി രമണീയമായ അരുവികളും താഴ്‌വരകളും കുന്നുകളും മലകളും കൊണ്ട് സമ്പന്നമായ ഇവിടം സഞ്ചാരികള്‍ക്ക് അത്ര സുപരിചിതമല്ല. ഊട്ടിയെപ്പോലെ പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.
ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം-കോത്തഗിരി പാത. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടവും ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി എന്നീ മൃഗങ്ങളും പതിവു കാഴ്ചയാണ്.
മേട്ടുപാളയത്തു നിന്നും ചുരംകയറി 15 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുഞ്ചപ്പനയിലെത്താം. ഇവിടെ നിന്നുതന്നെ കാലാവസ്ഥയില്‍ വരുന്ന മാറ്റം ദൃശ്യമാകും. കുളിരേകുന്ന കാറ്റിനു ചുരം കയറുംതോറും തണുപ്പിന്റെ ശക്തികൂടും. കോത്തഗിരിയില്‍ എത്തുന്നതോടെ ഊട്ടിയേക്കാളും തണുപ്പായി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ശൈത്യത്തിന്റെ തീവ്രത. ഊട്ടിയേക്കാള്‍ ഉയര്‍ന്ന പ്രദേശമായ ഇവിടെ നിന്നും 24 കിലോമീറ്റര്‍ താഴേക്കുവന്നാല്‍ ഊട്ടിയിലെത്താം. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തിലുള്ള കോത്തഗിരി പട്ടണത്തിലെത്താന്‍ മാമരം, സേട്ടുപേട്ട, മുള്ളൂര്‍, ദൊട്ടപ്പെട്ടി, അരവേണു തുടങ്ങിയ ചെറുപട്ടണങ്ങളും താണ്ടണം.
"കോത്തഗിരിക്കടുത്താണ് മൈസൂരുവിലെ കോടനാട് ആന സങ്കേതം. കോടനാട് വ്യൂ പോയിന്റില്‍ നിന്നും മൈസൂരു വനമേഖലാ അതിര്‍ത്തിയില്‍ ആനകള്‍ കൂട്ടമായി വിഹരിക്കുന്നത് കാണാനാകും"
കോത്തഗിരി വ്യാപാര വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊണ്ട് സമ്പന്നമാണ്. ഹൃദയഭാഗത്തു നിന്നുതന്നെ പച്ചപ്പരവതാനി വിരിച്ചപോലുള്ള തേയിലത്തോട്ടങ്ങള്‍ കാണാം. കാപ്പിത്തോട്ടങ്ങള്‍, മനോഹരങ്ങളായ പൂച്ചെടികള്‍, തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഓറഞ്ച്, പേരക്ക, ചീകപ്പട്ട, കര്‍പ്പൂരം, സൈപ്രസ്, വീട്ടി, തേക്ക്, മള്‍ട്ടി തുടങ്ങിയ മരങ്ങളും കാണാം. അവക്കിടയിലൂടെയുള്ള യാത്രകളും മനം കുളിര്‍പ്പിക്കുന്നതാണ്. ചെറുതും വലുതുമായ ധാരാളം റിസോര്‍ട്ടുകളും ക്വാട്ടേജുകളും ടൂറിസ്റ്റ് ഹോമുകളും ടൗണിന്റെ പല ഭാഗങ്ങളിലും കാണാം.
33,000 ജനസംഖ്യയുള്ള കോത്തഗിരിയില്‍ ഏറെ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. കോത്തഗിരിക്കടുത്താണ് മൈസൂരിലെ കോടനാട് ആന സങ്കേതം. കോടനാട് വ്യൂ പോയിന്റില്‍ നിന്നും മൈസൂരു വനമേഖലാ അതിര്‍ത്തിയില്‍ ആനകള്‍ കൂട്ടമായി വിഹരിക്കുന്നത് കാണാനാകും. അരവേണുവില്‍ നിന്നും കിഴക്കുഭാഗത്തായി ഭവാനി സാഗര്‍ പട്ടണവും തടാകവും ഭവാനി അണക്കെട്ടും ആസ്വദിക്കാം. കോയമ്പത്തൂരില്‍ നിന്നും സത്യമംഗലത്തിലേക്കു പോകുന്ന ദേശീയപാത ഭവാനി സാഗറിലൂടെയാണ് കടന്നുപോകുന്നത്.
കോത്തഗിരി പട്ടണത്തിനു പുറമെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. കോടനാട് വ്യൂ പോയിന്റ്, കെറ്ററിങ് വാട്ടര്‍ ഫാള്‍സ്, ഉയലറ്റി വെള്ളച്ചാട്ടം, നെഹ്‌റു പാര്‍ക്ക്, പാണ്ട്യന്‍ പാര്‍ക്ക്, കൂലത്തറ, ചൂലൂര്‍ മട്ടം, കപ്പട്ടി, കണ്ണേരി മുക്ക്, നെടുവിള, തേങ്കുമരഹഡ് തുടങ്ങിയ സ്ഥലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.
ഊട്ടിയിലെ വിനോദസഞ്ചാരികള്‍ക്ക് തൊട്ടടുത്തു തന്നെയുള്ള കോത്തഗിരിയിലെ മനോഹരമായ മലനിരകള്‍ സുപരിചിതമല്ല. ഊട്ടിയില്‍ നിന്നും കുന്നുവഴി മേട്ടുപാളയത്തേക്കുള്ള റോഡു ഗതാഗതം തടസപ്പെട്ടാല്‍ പലരും കോത്തഗിരി, മേട്ടുപാളയം റോഡിനെയാണ് ആശ്രയിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."