കരയിടിച്ചില്‍ ഭീഷണിയില്‍ ചൂട്ടാട് ബീച്ച് പാര്‍ക്ക് കാറ്റാടി മരങ്ങള്‍ കടപുഴകി അഞ്ചു മീറ്ററോളം കരഭാഗം കടലെടുത്തു
പഴയങ്ങാടി: സഞ്ചാരികളുടെ മനം കവരുന്ന ചൂട്ടാട് ബീച്ച് പാര്‍ക്ക് കരയിടിച്ചല്‍ ഭീഷണിയില്‍.സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി.ടി.പി.സിയുടെ നിയന്ത്രണത്തില്‍ നിര്‍മിച്ച ചൂട്ടാട് ബീച്ച് പാര്‍ക്ക് കടലെടുക്കുമോ എന്ന ആശങ്കയാണുയരുന്നത്. നിലവില്‍ അഞ്ചു മീറ്ററോളം കരഭാഗം കടലെടുത്ത നിലയിലാണ്. ഏഴിമലയുടെ താഴ്‌വരയില്‍ പ്രകൃതി കനിഞ്ഞരുളിയ ചൂട്ടാട് ബീച്ച് പാര്‍ക്ക് ഇക്കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഉദ്ഘാടനം നടത്തിയതാണ്. 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്കിനു 2015 ജനുവരിയിലാണു തറക്കില്ലിട്ടത്. ദ്രുത ഗതിയില്‍ പണി പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ 18ന് ഉദ്ഘാടനവും ചെയ്തു.
പ്രദേശത്തു കടല്‍ ഭിത്തി ഇല്ലാത്തതു കാരണം വര്‍ഷങ്ങള്‍ക്കു മുന്നേ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി ഇവിടെ കാറ്റാടി മരങ്ങള്‍ വച്ചു പിടിപ്പിച്ചിരുന്നു. പാര്‍ക്കിന്റെ സൗന്ദര്യത്തിന്റെ മുഖ്യ കാരണം കാറ്റാടി മരങ്ങളുടെ കൂട്ടമാണ്. എന്നാല്‍, ഇത്തരത്തിലുളള കാറ്റാടി മരങ്ങളില്‍ പലതും കടല്‍ വെള്ളം കയറി കരയിടിഞ്ഞതിനെ തുടര്‍ന്നു കടപുഴകി വീണിരിക്കുകയാണ്. ഇവിടെ നിര്‍മിച്ചിരിക്കുന്ന റസ്റ്റോറന്റുകളും കടല്‍ വെളളം കയറി തകര്‍ന്ന അവസ്ഥയിലാണ്.
കടല്‍ കരയെടുക്കുന്നതോടെ ചൂട്ടാട് ബീച്ചിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇല്ലാതാവുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നാണു നാട്ടുകാര്‍ പറയുന്നത്. അടുത്ത കാലത്തൊന്നും കടല്‍ കയറി ഇത്രയേറെ കരഭാഗം നഷ്ടപ്പെട്ടിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."