ജനങ്ങളും ഭരണക്കാരും തമ്മിലുള്ള അകലം കുറയണം: മുഖ്യമന്ത്രി
ആലപ്പുഴ: ജനങ്ങളും ഭരണയന്ത്രവും തമ്മിലുള്ള അകല്‍ച്ച മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന ജനകീയ സര്‍ക്കാരും ജനപക്ഷ സിവില്‍സര്‍വീസും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ഓഫീസിലെയും കൈക്കൂലിക്കാരെയും മോശം പെരുമാറ്റക്കാരെയും അതാത് ഓഫീസിലുള്ളവര്‍ക്ക് അറിയാം.
അത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് കഴിയണം.ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ സിവില്‍ സര്‍വീസിനും ഉപദ്രവമാണുണ്ടാക്കുക.ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ശിക്ഷിക്കപ്പെടുന്നതിന് സൗകര്യമൊരുക്കുകയും വേണ്ടി വന്നാല്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കപ്പെടുകയും വേണം.ജനങ്ങള്‍ ആദ്യം കയറിച്ചെല്ലുന്ന വില്ലേജ് ഓഫീസ് മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ കാര്യക്ഷമമാകണം.താഴേ തട്ടില്‍ തീര്‍പ്പ് കല്‍പിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയണം.
എല്ലാം മുകളിലേക്കയച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം.ഓരോ തലത്തിലും അധികാരങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തവും ഉണ്ടെന്ന കാര്യം ജീവനക്കാര്‍ വിസ്മരിക്കരുത്.ജീവനക്കാരുടെ മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന കാര്യം ജീവനക്കാര്‍ വിസ്മരിക്കരുത്.ആരുടെയും ജീവിതം അപകടപ്പെടുത്തുന്ന രീതിയിലായിരിക്കരുത് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമാകുന്ന തരത്തിലേയ്ക്ക് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജനതാല്‍പ്പര്യങ്ങള്‍ക്ക് അപ്പുറം മറ്റ് താല്‍പ്പര്യങ്ങളുള്ള നിരവധി വകുപ്പുകളുണ്ട്.
അഴിമതി രഹിത സിവില്‍ സര്‍വ്വീസിനായി ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണം,ജനകീയ ഭരണത്തില്‍ ജനങ്ങളും ജീവനക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാകണം. സര്‍ക്കാര്‍ ജീവനക്കാരുടേത് സേവനം എന്നതിനേക്കാള്‍ ജനങ്ങളോടുള്ള സഹകരണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍ സ്വാഗതം പറഞ്ഞു.സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു വിഷയാവതരണം നടത്തി. പി എച്ച് എം ഇസ്മായില്‍, ജി മോട്ടിലാല്‍, ടി ജെ ആഞ്ചലോസ്, സജി ചെറിയാന്‍, ബി വിനോദ്, കെ എസ് സജികുമാര്‍, പി എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.. കെ എ സമീന്‍ഷാ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."