തിരുനബീകീര്‍ത്തനം പെയ്തിറങ്ങി; ഇശ്ഖ് വിരുന്നൊരുക്കി ദാറുന്നഈം
മലപ്പുറം: 'അസ്സ്വലാത്തു അലന്നബീ, വസ്സലാമു അല റസൂല്‍....' പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ക്കൊപ്പം സദസും ആവര്‍ത്തിച്ചു ചൊല്ലി. നബി കുടുംബമായ സാദാത്തുക്കളുടേയും സമുന്നത പണ്ഡിതരുടേയും നേതൃത്വത്തില്‍ സലാം ബൈത്തും അശ്‌റഖയും ഈരടിയായി അലയടിച്ചു ചേര്‍ന്ന പ്രഭാതമായിരുന്നു പാണക്കാട്ടെ ദാറുന്നഈമില്‍. നബിദിന മാസമായ റബീഉല്‍ അവ്വലിനു വിളംബരമോതിയാണ് ഇന്നലെ രാവിലെ ഹൈദരലി തങ്ങളുടെ വസതിയില്‍ മൗലീദ് സദസൊരുക്കിയത്. രാവിലെ ഏഴിന് ആംരഭിച്ച മജ്്‌ലിസില്‍ തിരുനബി അപദാനങ്ങളും പ്രാര്‍ഥനയും കൊണ്ട് പ്രൗഢമായി.
'ഹുബ്ബൂര്‍റസൂല്‍; ഹുബ്ബുല്‍ വത്വന്‍' എന്നപേരില്‍ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മീലാദ് കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം കൂടിയായിരുന്നു മജ്‌ലിസ്. കാംപയിന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍വലോകര്‍ക്കും അനുഗ്രഹമായി അവതരിപ്പിച്ച നബിയെ സ്‌നേഹിക്കുന്നവര്‍ പ്രവാചക പാഠങ്ങള്‍ ഉള്‍കൊള്ളണമെന്നും സ്വരാജ്യ സ്‌നേഹവും സൗഹൃദവും മൈത്രിയും വിശ്വാസികളുടെ ബാധ്യത കൂടിയാണെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. ശരീഅത്ത് പ്രശ്‌നങ്ങളില്‍ അന്യമായി ഇടപെട്ടു മുസ്‌ലിങ്ങളെ വേദനിപ്പിക്കുന്നവര്‍ സമാധാന കാംക്ഷികളോ മനുഷ്യാവകാശം മാനിക്കുന്നവരോ അല്ല. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ വിശ്വാസികള്‍ കരുത്താര്‍ജിക്കണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണെമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മജ്‌ലിസില്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഉമര്‍ തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, എസ്.കെ.പി. തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എ. മരക്കാര്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി എന്നിവരും ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി മംഗലാപുരം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.കെ ഹംസ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, പുറങ്ങ് അബ്ദുല്ല മുസ്്‌ലിയാര്‍, എ.എം. പരീത് എറണാകുളം, ഹാരിസ് ബാഖവി കംബ്ലക്കാട്, സി.എച്ച്. മഹ്്മൂദ് സഅ്ദി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.എം സൈതലവി ഹാജി, ഹാജി യു. മുഹമ്മദ് ശാഫി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി തുടങ്ങിയവര്‍ പങ്കെടുത്തു.
പുണ്യറബീഇന്റെ പിറവിയോടെ ഇനിയുള്ള ഓരോ നാളുകളിലും പള്ളികളും മുസ്്‌ലിം ഭവനങ്ങളും മൗലിദ് സദസുകളാല്‍ മുഖരിതമാകും. നാടെങ്ങും റസൂല്‍ അപദാന സദസുകളും മീലാദ് സമ്മേളനങ്ങളും കൊണ്ട് മുഖരിതമാകും റബീഉല്‍ അവ്വലുടനീളം.
എസ്.വൈ.എസ് കാംപയിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ പ്രകീര്‍ത്തന സദസുകളും പ്രഭാഷണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."