മത്സരിച്ച ഏഴു സീറ്റിലും ദയനീയ തോല്‍വി: നിലയില്ലാക്കയത്തില്‍ ജെ.ഡി.യു
കോഴിക്കോട്: മത്സരിച്ച ഏഴു സീറ്റിലുമുണ്ടായ ദയനീയ തോല്‍വി ജനതാദള്‍ യുനൈറ്റഡിന് കനത്ത തിരിച്ചടിയായി. കല്‍പറ്റ, കൂത്തുപറമ്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍,അമ്പലപ്പുഴ, നേമം തുടങ്ങിയ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ പരാജയമാണ് ജെ.ഡി.യു ഏറ്റുവാങ്ങിയത്. നിയമസഭയില്‍ നിന്ന് പുറത്തായ ജനവിധി കനത്ത ആഘാതമാണ് പാര്‍ട്ടിയിക്ക് ഏല്‍പിച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നു പതിറ്റാണ്ടായി വ്യക്തമായ സാന്നിധ്യമറിയിച്ച വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ ഭാവി ആശങ്കയിലാക്കുന്നതാണ് പതനം.
ഇടത് മുന്നണിക്കൊപ്പമുള്ള ജനതാദള്‍ എസ് രണ്ടു സീറ്റുമായി പിടിച്ചു നിന്നപ്പോള്‍ യു.ഡി.എഫിലെ സോഷ്യലിസ്റ്റുകള്‍ അപ്രസക്തമാകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ തോല്‍വി വിലയിരുത്താന്‍ ഉടന്‍ തന്നെ സംസ്ഥാനസമിതി ചേരും. തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്്ചകളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപകാതകളാണെന്നും ഇതേ കുറിച്ച് പരിശോധിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. കല്‍പ്പറ്റയും കൂത്തുപറമ്പുമാണ് 2011ല്‍ ജെ.ഡി.യു ജയിച്ചു കയറിയത്. ഇത്തവണ കല്‍പ്പറ്റയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി. ശ്രേയാംസ് കുമാറും കൂത്തുപറമ്പില്‍ കെ.പി. മോഹനും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
12,291 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.കെ ശൈലജ കെ.പി മോഹനനെ തറപറ്റിച്ചത്. കല്‍പ്പറ്റയില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രനോട് 13,083 വോട്ടിനാണ് ശ്രേയാംസ്‌കുമാര്‍ തോല്‍വിയറിഞ്ഞത്. കഴിഞ്ഞ തവണത്തെ ആറ് സീറ്റിന് പുറമെ ഇത്തവണ അമ്പലപ്പുഴ കൂടി യു.ഡി.എഫ് വിട്ടു നല്‍കിയെങ്കിലും ജെ.ഡി.യുവിന്റെ അമ്പ് എവിടെയും ലക്ഷ്യം കണ്ടില്ല. അമ്പലപ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസിനെ 22621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ ജി സാധാകരന്‍ തോല്‍പ്പിച്ചത്. നേമത്ത് വെറും 13,860 വോട്ടുകള്‍ മാത്രം നേടി പാര്‍ട്ടി സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും ജെ.ഡി.യു നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. വടകരയില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ തോല്‍വിയും കനത്ത ആഘാതമായി. സോഷ്യലിസ്റ്റുകള്‍ ഏറ്റുമുട്ടിയ ഇവിടെ ജെ.ഡി.എസിലെ സി.കെ നാണു ഭൂരിപക്ഷം 847ല്‍ നിന്ന് 9511 ആയി വര്‍ധിപ്പിച്ച് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
ആര്‍.എം.പിയിലെ കെ.കെ രമ 20,504 വോട്ട് പിടിച്ചിട്ടും യ.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞില്ല. മട്ടന്നൂരിലും എലത്തൂരിലും തോല്‍വി ഉറപ്പായിരുന്നെങ്കിലും ഇടതുമുന്നണിയുടെ ഭൂരിപക്ഷത്തില്‍ പതിനായിരം വോട്ടിന്റെ വര്‍ധന ഉണ്ടായത് പാര്‍ട്ടിക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. വീരേന്ദ്രകുമാറിന്റെയും കൂട്ടരുടെയും ഇടത് മുന്നണിയിലേക്കുള്ള തിരിച്ചുവരവിന് പിണറായിയും വി.എസും ഒരുപോലെ സമ്മതം മൂളിയിട്ടും നേതൃത്വം കൂട്ടാക്കാതിരുന്നതാണ് കനത്ത തോല്‍വിക്ക് കാരണമായതെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെ.പി മോഹനും കൂട്ടരും ഉയര്‍ത്തിയ എതിര്‍പ്പും, രാജ്യസഭാ സീറ്റെന്ന വാഗ്ദാനവുമാണ് യു.ഡി.എഫ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചത്.
ഏകപക്ഷീയമായ ഈ തീരുമാനവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും പാര്‍ട്ടിയുടെ അടിവേര് ഇളക്കാന്‍ കാരണമായെന്നാണ് യു.ഡി.എഫ് വിടണമെന്ന് ശക്തമായി വാദിച്ചിരുന്ന നേതാക്കളുടെ വാദം. 2009ലാണ് വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റതോടെ യു.ഡി.എഫ് വിടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. തോല്‍വിക്ക് കാരണക്കാരായ കോണ്‍ഗ്രസുകാര്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി എടുക്കാതിരുന്നാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രി അടക്കം എത്തി അനുനയിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."