കുറുവയില്‍ ചീങ്കണ്ണി ആക്രമണംയുവാവിന് ഗുരുതര പരിക്ക്
പുല്‍പ്പള്ളി: വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപുകള്‍ക്കു സമീപം നദിയില്‍വച്ച് ചീങ്കണ്ണി ആക്രമിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായ പരിക്കേററു. ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാക്കം തിരുമുഖം കോളനിയിലെ ശിവന്റെ മകന്‍ ഷിജോ(24)യാണ് ചീങ്കണ്ണിയുടെ ആക്രമണത്തില്‍ പരിക്കേററത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കൂട്ടുകാരുമൊത്ത് കുറവയ്ക്ക് സമീപത്തെ കബനിനദിയിലെ നീര്‍ക്കയത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഷിജോ. കൂട്ടുകാര്‍ എത്തുന്നതിന് മുമ്പെ നദിയിലെ നീര്‍ക്കയത്തിലേക്ക് കുളിക്കാനിറങ്ങിയ ഷിജോയുടെ ഇടതുകാലില്‍ നീര്‍ക്കയത്തില്‍ കിടന്ന ചീങ്കണ്ണി പിടികൂടുകയായിരുന്നു.
നദിയുടെ ആഴങ്ങളിലേക്ക് ഷിജോയെ ചീങ്കണ്ണി വലിച്ചുകൊണ്ടുപോകുന്നതിനിടയില്‍ ഇയാളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ സുഹൃത്തുക്കള്‍ ചേര്‍ന്ന് വലിച്ച് കരക്കെത്തിച്ച് രക്ഷിക്കുകയായിരുന്നു. ചീങ്കണ്ണിയുടെ പല്ലുകള്‍ ആഴത്തില്‍ കാലില്‍ മുറിവുകള്‍ ഏല്പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കുറുവയിലും പരിസര പ്രദേശങ്ങളിലും ചീങ്കണ്ണികള്‍ വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഇവ വന്‍ ഭീഷണിയാണെന്ന് സുപ്രഭാതം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്പതിലേറെ ചീങ്കണ്ണികള്‍ ഇവിടെയുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. ചീങ്കണ്ണികള്‍ ഇതുവരെ മനുഷ്യരെ ആക്രമിക്കുവാന്‍ തുടങ്ങിയില്ലായിരുന്നു. ഇവിടെയുളള ചീങ്കണ്ണികളെ പിടികൂടി മറ്റെവിടെയെങ്കിലും കൊണ്ടുവിടുകയോ നശിപ്പിക്കുകയൊ ചെയ്തില്ലെങ്കില്‍ വിനോദസഞ്ചാര കേന്ദ്രമായ പ്രകൃതിരമണീയമായ കുറുവ ദ്വീപുകളിലേക്കുളള വിനോദസഞ്ചാരികളുടെ ഒഴുക്ക് നിലക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."