ദുരിതത്തിലായ മലയാളി യുവതി നാടണഞ്ഞു
ജിദ്ദ: സ്പോണ്സര് ശമ്പളം നല്കാത്തതിനാല് ദുരിതത്തിലായ മലയാളിയായ വീട്ടുജോലിക്കാരി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. കൊല്ലം കൊട്ടാരക്കര സ്വദേശിനി മഞ്ജു ഉണ്ണിയാണ് നാട്ടിലേക്ക് മടങ്ങിയത്. എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമാമില്‍ ഒരു സ്വദേശി പൗരന്റെ വീട്ടില്‍ ജോലിയ്ക്ക് എത്തിയ മഞ്ജുവിന്റെ ദുരിതം ആരംഭിച്ചത്. ആറു മാസത്തോളം സ്വദേശി പൗരന്റെ വീട്ടില്‍ അതികഠിനമായ ജോലികള്‍ ചെയ്യേണ്ടി വന്നെങ്കിലും, ശമ്പളം നല്കിയിരുന്നില്ലത്രെ. ദുരിത്തിലായ മഞ്ജു പല തവണ ശമ്പളം ആവശ്യപ്പെട്ടെങ്കിലും സ്പോണ്സര് ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്തു കടന്ന മഞ്ജു സമീപത്തെ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പോലിസുകാരായിരുന്നു മഞ്ജുവിനെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചത്.
അഭയകേന്ദ്രത്തില്‍ മഞ്ജു ഉണ്ണിയെ സന്ദര്‍ശിച്ച നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്, ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന് മണിക്കുട്ടന് എന്നിവര്‍ നടത്തിയ ഇടപെടലാണ് നാടണയുന്നതില്‍ നിര്‍ണായകമായത്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍, മഞ്ജു ഉണ്ണിയെ സ്പോണ്സര് ഹുറൂബില്‍ ഉള്‍പ്പെടുത്തിയതായി ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നവയുഗം പ്രവര്‍ത്തകര്‍ സ്പോണ്‍സറെ നേരിട്ട് ബന്ധപ്പെടുകയും പല പ്രാവശ്യം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണ് സ്പോണ്സര് മഞ്ജു ഉണ്ണിയ്ക്ക് കൊടുക്കാനുള്ള കുടിശ്ശിക ശമ്പളവും, പാസ്പോര്‍ട്ടും നല്കുന്നതിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."