നഗരത്തിലെ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി
ആലപ്പുഴ: നഗരത്തിലെ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. ആലപ്പുഴ എ.വി.ജെ ജംഗ്ഷന് സമീപം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.
നഗരസഭയുടെ നേതൃത്വത്തില്‍ മുല്ലക്കല്‍ ചിറപ്പിനോടനുബന്ധിച്ച് ലേലം ചെയ്ത സ്ഥലത്തിന് ഏതാനും മീറ്റര്‍ മാറിയായിരുന്നു 30 ഓളം പേര് വരുന്ന വഴിയോര കച്ചവടക്കാര്‍ കച്ചവടം നടത്തിയത്. ഇത് ഒഴിപ്പിക്കാനാണ് നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവിഭാഗം അധികൃതര്‍ എത്തിയത്.
വഴിയോരക്കച്ചവട തൊഴിലാളി (എ.ഐ.ടി.യു.സി), ഫുട്പാത്ത് മര്‍ച്ചന്റ് അസോസിയേഷന് (സി.ഐ.ടി.യു) എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇവിടങ്ങളില്‍ വ്യാപാരം നടത്തണമെങ്കില്‍ നഗരസഭ നിര്‍ദ്ദേശിക്കുന്ന 7000 രൂപ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇവിടെ തെരുവ് കച്ചവടം നടത്തുന്ന തങ്ങള്‍ ഒഴിഞ്ഞുപോകില്ലെന്ന് കച്ചവടക്കാരും പറഞ്ഞു. കച്ചവടക്കാരെ ഒഴിപ്പിക്കണമെങ്കില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഇത് നഗരസഭ പാലിച്ചില്ല. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വഴിയോരക്കച്ചവടക്കാര്‍ നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരാതെ ഒഴിപ്പിക്കുന്നത് ന്യായമായ കാര്യമല്ലെന്നും ഇവര്‍ പറഞ്ഞു. എതിര്‍പ്പ് കണക്കാക്കാതെ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കച്ചവടക്കാര്‍ പിന്മാറാന് തയ്യാറാകാതെവന്നതോടെ ഒടുവില്‍ പ്രശ്ന പരിഹാരത്തിനായി നഗരസഭ സക്രട്ടറിയുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാരെ ചൊവ്വാഴ്ച ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."