വിദൂര പഠനം: യു.ജി.സി.സംഘം കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിക്കാനെത്തുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ യു.ജി.സി അംഗീകാരം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി വിദൂരവിദ്യാഭ്യാസത്തിന്റെ വിദഗ്ധ സംഘം ജനുവരി 13, 14 തിയതികളില്‍ സര്‍വകലാശാല സന്ദര്‍ശിക്കും.
അഞ്ചംഗ സമിതിയാണ് ജനുവരിയില്‍ സര്‍വകലാശാലയിലെത്തുന്നത്. സര്‍വകലാശാലയിലെ ഭൗതിക സൗകര്യങ്ങള്‍, അധ്യാപകരുടെ നിലവാരം,സ്റ്റഡി സെന്ററുകള്‍ എന്നിവയുടെ പരിശോധനയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രധാനമായും നടത്തുക.
പരിശോധനക്ക് ശേഷം സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. അന്വേഷണം പൂര്‍ത്തിയാക്കി സമിതി യു.ജി.സിയുടെ വിദൂര വിദ്യഭ്യാസവുമായി ബന്ധപ്പെട്ട കോര്‍ കമ്മിറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ ശേഷമായിരിക്കും അംഗീകാരം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ യു. ജി. സി തീരുമാനമെടുക്കുക. അധികാര പരിധിക്ക് പുറത്ത് പഠന കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സര്‍വകലാശാലയുടെ വിദൂര പഠന വിഭാഗത്തിന്റെ അംഗീകാരം യു.ജി.സി റദ്ദാക്കിയത്. തുടര്‍ന്ന് ഈ വര്‍ഷത്തെ അഡ്മിഷന് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷനിലേക്ക് മാറ്റുകയായിരുന്നു.
നിരവധി തവണ യു. ജി.സിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും സര്‍വകലാശാലക്ക് അംഗീകാരം വീണ്ടെടുക്കാനായിരുന്നില്ല. സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം അംഗീകാരം വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും യു.ജി.സി നിര്‍ത്തലാക്കാന്‍ പറഞ്ഞ സ്റ്റഡി സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിദൂര വിദ്യഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. വി.എം കണ്ണന് സുപ്രഭാതത്തോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."