കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി
കാസര്‍കോട്: നഗരസഭയില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് കാസര്‍കോട് വിജിലന്‍സ് സി.ഐ പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. നഗരസഭാ പരിധിയിലെ വനിതകള്‍ക്കുള്ള ഭവന പുനരധിവാസ പദ്ധതിയില്‍ വന്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൂര്‍ത്തിയായതിനു ശേഷം മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നു വ്യക്തമാവുകയുള്ളുവെന്നും സി.ഐ പി.ബാലകൃഷ്ണന് അറിയിച്ചു.
തിരുവനന്തപുരം വിജിലന്‍സ് വിങിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. വൈകീട്ട് അഞ്ചു വരെ പരിശോധന നീണ്ടു.
ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാരില്‍ നിന്നു വിശദാംശങ്ങളും തേടി. സി.ഐയ്ക്കു പുറമേ പെര്‍ഫോമന്‍സ് ഓഡിറ്റര്‍ വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ പ്രമോദ്, സജിമോന്‍ ജോര്‍ജ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."