പേള്‍ ഹാര്‍ബറില്‍ മാപ്പു പറയാതെ ജപ്പാന്‍
ഹൊനോലുലു(ഹവായ്): ഹിരോഷിമ, നാഗസാക്കി ആക്രമണങ്ങളിലേക്ക് നയിച്ച പേള്‍ഹാര്‍ബറില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ചരിത്രപരമായ സന്ദര്‍ശനം നടത്തി. പേള്‍ഹാര്‍ബര്‍ ആക്രമണത്തിന്റെ 75ാം വാര്‍ഷികത്തിലാണ് ഇരു നേതാക്കളും പേള്‍ഹാര്‍ബര്‍ സ്മാരകത്തിലെത്തിയത്. ഒബാമയൊടൊപ്പം സ്മാരകത്തിലെത്തിയ ഷിന്‍സോ അബെ ആക്രമണത്തില്‍ മാപ്പു പറഞ്ഞില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായ സംഭവത്തില്‍ ജപ്പാന്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജപ്പാന്‍-യു.എസ് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നാണ് ജപ്പാന്‍ ഔദ്യോഗികമായി പ്രതികരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തോടെ തകര്‍ന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ജപ്പാന്‍ പ്രധാനമന്ത്രി പേള്‍ഹാര്‍ബറിലെത്തിയതെന്ന് ജപ്പാനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ മെയില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ചരിത്രം തിരുത്തി ഹിരോഷിമയിലെ യുദ്ധസ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് ഹിരോഷിമ ആക്രമണത്തില്‍ യു.എസ് പ്രസിഡന്റ് മാപ്പു പറഞ്ഞിരുന്നില്ല. ഇക്കാരണത്താലാണ് പേള്‍ ഹാര്‍ബറിലും മാപ്പുപറയേണ്ടെന്ന നിലപാടിലേക്ക് ജപ്പാന്‍ എത്തിയത്.
ഒബാമയുടെ ഭരണകാലാവധി അവസാനിക്കാനിരിക്കെയാണ് ജപ്പാന്‍ പ്രധാനമന്ത്രിയും ഒന്നിച്ച് പേള്‍ഹാര്‍ബര്‍ സ്മാരകം സന്ദര്‍ശിക്കുന്നത്.
ഒബാമയുടെ കാലാവധി അവസാനിക്കാനിരിക്കെ ഒരു രാഷ്ട്ര നേതാവുമായി നടത്തുന്ന ഒബാമയുടെ അവസാനത്തെ പേള്‍ഹാര്‍ബര്‍ സന്ദര്‍ശനവുമാണിത്.
നേരത്തെയും ജപ്പാന്‍ രാഷ്ട്ട്ര നേതാക്കള്‍ പേള്‍ ഹാര്‍ബറിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ജപ്പാന്‍ പ്രധാനമന്ത്രി സ്മാരകം സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഒബാമയുടെ ഹിരോഷിമാ സന്ദര്‍ശനമാണ് അബെയെ പേള്‍ഹാര്‍ബര്‍ സ്മാരകത്തിലെത്തിച്ചത്. അമേരിക്കയുടെയും ജപ്പാന്റെയും ഏറ്റവും വൈകാരികമായ യുദ്ധസ്മാരക സന്ദര്‍ശനമാണ് ഒബാമയുടെ ഹിരോഷിമാ സന്ദര്‍ശനവും അബെയുടെ പേള്‍ഹാര്‍ബര്‍ സന്ദര്‍ശനവും.
പേള്‍ ഹാര്‍ബറില്‍ സംഭവിച്ചത്
1941 ഡിസംബര്‍ ഏഴിനാണ് 2,403 അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ആക്രമണം.
പേള്‍ ഹാര്‍ബറിലെത്തിയ ജപ്പാന്റെ 21 യുദ്ധക്കപ്പലുകളും 328 വിമാനങ്ങളും അമേരിക്കന്‍ യുദ്ധക്കപ്പലുകളെയും സൈനിക കേന്ദ്രവും ബോംബിട്ട് നശിപ്പിച്ചു. 20 യു.എസ് യുദ്ധക്കപ്പലുകളും 300 യുദ്ധവിമാനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു.
ഇതിന് പ്രതികാരമെന്നോണം 1945 ഒഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളെ അമേരിക്ക കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."