കൊല്ലത്ത് ശിവഗിരിതീര്‍ഥാടകര്‍ സഞ്ചരിച്ച വാനില്‍ ലോറിയിടിച്ചു രണ്ടു പേര്‍ മരിച്ചു
കൊല്ലം: ശിവഗിരി തീര്‍ഥാടകര്‍ സഞ്ചരിച്ച വാനില്‍ ലോറിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 6.45ന് ചാത്തന്നൂര്‍ സ്റ്റാന്റേര്‍ഡ് ജംഗ്ഷനു സമീപം ഇത്തിക്കര കൊടും വളവിലായിരുന്നു അപകടം. ആലപ്പുഴ കൈനകരി ഗുരുദേവ സാംസ്‌ക്കാരികസമിതി സെക്രട്ടറി കൈനകരി തൈപ്പറമ്പില്‍ ഐഷാ ഗോപിനാഥ്(47),കളത്തില്‍ വീട്ടില്‍ സന്തോഷ്(42) എന്നിവരാണ് മരിച്ചത്.
തീര്‍ഥാടക സംഘത്തിലെ സഹോദരങ്ങളായ റോയിമോന്‍(48),ജയ്‌മോന്‍,റെനില്‍കുമാര്‍,റോയിമോന്റെ മകന്‍ ഹരികൃഷ്ണന്‍,റെനില്‍കുമാറിന്റെ ഭാര്യ സുരമ്യ,ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ ഹരികൃഷ്ണന്റെ നില ഗുരുതരമാണ്.
ശിവഗിരിയിലേക്കു പോകുകയായിരുന്ന അയല്‍വാസികളും ബന്ധുക്കളുമടങ്ങുന്ന സംഘം സഞ്ചരിച്ച വാനില്‍ തിരുവനന്തപുരം ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് വാനില്‍ നിന്നും തീര്‍ഥാടകരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."