മൊഴി ചൊല്ലൂ ഈ ചതിയത്തിയെ
ഇനിയും മറച്ചുവയ്ക്കാനാവില്ല. പുറത്തുപറയേണ്ട സമയം എപ്പോഴോ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടും കല്‍പ്പിച്ച് അന്നൊരിക്കല്‍ അവനാ മോഹം തന്റെ അച്ഛനോടു പറഞ്ഞു: 'അച്ഛാ, എനിക്കുവേണ്ടി അച്ഛന്‍ പെണ്ണിനെ തിരഞ്ഞു കുഴയേണ്ട. ഞാനൊരുത്തിയ കണ്ടുവച്ചിട്ടുണ്ട്. അതിസുന്ദരിയാണവള്‍. ഞാനവളെ വേള്‍ക്കാന്‍ പോവുകയാണ്... അച്ഛന്‍ മുടക്കം പറയാതിരുന്നാല്‍ മാത്രം മതി...'
'ഞാന്‍ മുടക്കം പറയുകയോ..? എന്താണു നീ പറയുന്നത്..! എനിക്കാ വിവാഹത്തില്‍ സന്തോഷമേയുള്ളൂ... പക്ഷേ, ആദ്യം അവളെ എനിക്കൊന്നു കാണിച്ചുതരണം.. നിനക്കു യോജിക്കുമോ എന്ന് എനിക്കറിയണ്ടേ...'
'കാണിച്ചുതരാനില്ല. എനിക്കു യോജിക്കുമെന്നുറപ്പാണ്..'
'എന്നാലും ഒന്നു കണ്ടുകൂടേ..'
'ആട്ടെ, കാണിച്ചുതരാം...'
അങ്ങനെ ഇരുവരും പെണ്ണിനെ കാണാന്‍ പോയി. കണ്ടു. അച്ഛനു നന്നായി ഇഷ്ടപ്പെട്ടു. ഇഷ്ടം അല്‍പം അതിരുകടന്നു എന്നുതന്നെ പറയാം. അവളുടെ അസാമാന്യ സൗന്ദര്യം കണ്ട് ക്ഷമ ചോര്‍ന്നുപോയ അച്ഛന്‍ ഉളുപ്പും നാണവുമൊക്കെ തല്‍ക്കാലം മാറ്റിവച്ച് മകനോടു പറഞ്ഞു: 'മോനേ, ഞാന്‍ പറയുന്നത് കേള്‍ക്ക്. അവള്‍ നിനക്കു തീരെ യോജിക്കില്ല. നീ അവള്‍ക്കും യോജിക്കില്ല. ജീവിതത്തില്‍ അനേകം അനുഭവങ്ങളുള്ള എന്നെ പോലുള്ളവര്‍ക്കാണ് അവള്‍ എല്ലാംകൊണ്ടും ഇണങ്ങുക...!'
ഒരു പിതാവിന്റെ മകനോടുള്ള പ്രതികരണം..! അതവനെ വല്ലാത്ത ആശങ്കയിലാഴ്ത്തി. ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല അത്. അച്ഛന്റെ 'സൂക്കേട്' മനസിലായ അവന്‍ വാശിയില്‍തന്നെ പറഞ്ഞു:
'അവളെ വിട്ടുതരുന്ന പ്രശ്‌നമില്ല. ഞാനാണ് അവളെ ആദ്യം കണ്ടെത്തിയത്...'
വാശി പാരമ്പര്യമായി ലഭിച്ചതുകൊണ്ട് അച്ഛനും വിട്ടുകൊടുത്തില്ല. അച്ഛന്‍ പറഞ്ഞു: 'എങ്കില്‍ അതൊന്നു കണ്ടിട്ടുതന്നെ വേറെ കാര്യം. എന്റെ ചങ്കില്‍ ജീവനുള്ള കാലത്തോളം അതു നടക്കുമെന്ന് നീ സ്വപ്നം കാണുകപോലും വേണ്ടാ...'
അച്ഛന്റെ മകനല്ലേ.. അവനും വിട്ടുകൊടുത്തില്ല. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കിച്ചു. തര്‍ക്കം മൂത്തുമൂത്ത് കൈയാങ്കളിയിലേക്കുവരെ എത്തി. ഒടുവില്‍ തീര്‍പ്പിനുവേണ്ടി പൊലിസ് സ്റ്റേഷനിലേക്കു പോകാമെന്നായി. സ്റ്റേഷനിലെത്തിയ ഇരുവരും എസ്.ഐയോട് സംഗതി പറഞ്ഞപ്പോള്‍ എസ്.ഐ പറഞ്ഞു: 'നിങ്ങളാ പെണ്‍കുട്ടിയെ ഇവിടെ ഹാജറാക്കൂ... അവള്‍ ആരുടെ കൂടെ പോകാനാണ് താല്‍പ്പര്യപ്പെടുന്നതെന്നു ഞാനവളോടു ചോദിക്കട്ടെ...'
കല്‍പ്പന മാനിച്ചു ഇരുവരും പെണ്ണിനെ സ്റ്റേഷനില്‍ ഹാജറാക്കി. എസ്.ഐ ഒരു നോക്കു കണ്ടിട്ടേയുള്ളൂ. അപ്പോഴേക്കും അയാളുടെ നിയന്ത്രണവും പോയി. മനം മയക്കുന്ന ആ സൗന്ദര്യത്തില്‍ പരിസരബോധം പോലും നഷ്ടപ്പെട്ടു. അയാള്‍ തറപ്പിച്ചു പറഞ്ഞു: 'ഇവള്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും ചേരില്ല. എന്നെ പോലുള്ള ഉന്നതനായ ഉദ്യോഗസ്ഥനാണ് എല്ലാംകൊണ്ടും ഇവള്‍ ഇണങ്ങുക..'
കൂനിന്മേല്‍ പിന്നെയും കുരു. എന്തു ചെയ്യും? ഈ പെണ്ണിനെ കാണുന്നവര്‍ക്കെല്ലാം അസുഖം വരികയാണ്..! ഇതുവരെ അച്ഛനും മകനുമിടയിലായിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ അത് എസ്.ഐയോടുമായി.
കൈക്കും നാക്കിനും അല്‍പ്പം മൂര്‍ച്ച കൂടുതലുള്ള ആളാണല്ലോ. എസ്.ഐ പഠിച്ച അടവ് പതിനെട്ടും എടുത്തുനോക്കി. വിജയിച്ചില്ല. മൂന്നുപേരും പൊരിഞ്ഞ തര്‍ക്കത്തില്‍തന്നെ. ഒടുക്കം കേസ് സുപ്രിംകോടതിയിലെത്തി. വിഷയം മനസിലാക്കിയ ചീഫ് ജസ്റ്റിസ് അവരോടു പറഞ്ഞു: 'ഈ കേസില്‍ വിധി പറയണമെങ്കില്‍ ആദ്യം തര്‍ക്കത്തിലിരിക്കുന്ന പെണ്ണിനെ കാണണം. അവളെ കാണാതെ നിങ്ങളിലാര്‍ക്കാണു ഞാനവളെ വിധിക്കുക..? വിധി നീതിയുക്തമാകണ്ടേ..'
ന്യായാധിപന്മാരുടെ കൂട്ടത്തിലെ ചീഫിന്റെ കല്‍പ്പനയാണല്ലോ. ചീപ്പായ ആള്‍ ചീഫാവില്ല എന്നൊക്കെയാണു വയ്പ്. ഏതായാലും പുള്ളി വിശുദ്ധപശുവായിരിക്കുമെന്നു കരുതി മൂവരും പെണ്ണിനെ സ്ഥലത്തെത്തിച്ചു. ബാക്കി നടന്നതെന്താണെന്ന് ഇനി നിങ്ങള്‍ക്ക് ഊഹിക്കാം. സുപ്രിംകോടതിയിലും ചങ്ങലയ്ക്കു ഭ്രാന്തിളകി. വേലിക്കു വിള തിന്നാന്‍ വല്ലാത്ത പൂതി. ഇനി ആരെയാണു സമീപിക്കുക? മുഖ്യന്യായാധിപനാണ് ചങ്കുപൊട്ടുന്ന ശബ്ദത്തില്‍ ഇവിടെ അവകാശവാദമുന്നയിക്കുന്നത്. നാല്‍വരിലാരും ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല.
സംഗതി ഇക്കണക്കിനു പോകുന്നത് ശരിയല്ലെന്നു കണ്ടപ്പോള്‍ പരിഹാരത്തിന് ആ പെണ്ണുതന്നെ മുന്നോട്ടുവന്നു. തനിക്കുവേണ്ടിയാണല്ലോ ഈ നാലുപേരും പരസ്പരം യുദ്ധം ചെയ്യുന്നത്. അവള്‍ പറഞ്ഞു: 'എന്റെ പ്രിയ സഖാക്കളേ, നിങ്ങളിങ്ങനെ തര്‍ക്കിച്ചു ചാകല്ലിന്‍... എന്റെ അടുക്കല്‍ എല്ലാറ്റിനും പരിഹാരമുണ്ട്. നിങ്ങള്‍ നാലുപേരും എന്റെ കൂടെ പുറത്തേക്കുവരൂ. നമുക്കു പുറത്തുവച്ചു സംസാരിക്കാം...'
പെണ്ണ് പറഞ്ഞിടത്തേക്ക് ആജ്ഞാനുവര്‍ത്തികളായ അടിമകളെപ്പോലെ അവര്‍ ചെന്നു. അങ്ങനെ സ്വകാര്യമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ അല്‍പ്പം ദൂരത്തേക്കു മാറിനിന്നുകൊണ്ട് അവള്‍ പറഞ്ഞു: 'എന്റെ ഇണയെ ഞാന്‍ തിരഞ്ഞെടുക്കാന്‍ പോവുകയാണ്. നിങ്ങളിലാദ്യം വന്ന് എന്നെ തൊടുന്നവനാരോ അവനാണ് എന്റെ ഇണ. എന്താ, സ്വീകാര്യമല്ലേ...'
'തീര്‍ച്ചയായും... നിങ്ങള്‍ എണ്ണാന്‍ തുടങ്ങിക്കോളൂ..'
പെണ്ണ് എണ്ണിത്തുടങ്ങി 'റെഡി... വണ്‍.. റ്റൂ........ ത്രീീീീ....'
'ഫൂൂംംംം..!!!'
തനിക്കു മുന്നില്‍ അവള്‍ തീര്‍ത്തുവച്ച ഭീമന്‍ ഗര്‍ത്തത്തിലേക്കു നാലുപേരും വീണതു വണ്‍ ബൈ വണ്‍; ഒന്നൊന്നായി..!
കഥയ്ക്ക് ശുഭ പര്യവസാനം..
ഈ കഥ കഴിഞ്ഞു. അവരുടെ കഥയും കഴിഞ്ഞു.
പ്രിയരേ, ഇതാണു ദുനിയാവ്. തേടിയാലോടുന്ന നിഴല്‍. തന്റെ മാസ്മരിക സൗന്ദര്യം കാണിച്ച് എല്ലാവരെയും അതു കൊതിപ്പിക്കുകയാണ്. അനുഭവിക്കാന്‍ ആരെയും അനുവദിക്കുന്നുമില്ല. ആ ചതിയത്തിയുടെ ചന്തം കണ്ട് വഞ്ചിതരാകുന്നവര്‍ മുഴുവന്‍ അവള്‍ക്കു പിന്നാലെ എന്തൊരു ഓട്ടമാണ്..! അതില്‍ പണ്ഡിതന്മാരുണ്ട്. (സോറി, ഫണ്ട് തന്മാര്‍) ന്യായാധിപരും നിയമപാലകരുമുണ്ട്. ഉന്നതരും നീചരുമുണ്ട്. തൊഴിലാളികളും മുതലാളിമാരുമുണ്ട്. എല്ലാവര്‍ക്കും വേണ്ടത് ആ ഒരേയൊരു ചതിയത്തിയെ... അവള്‍ക്കുവേണ്ടിയാണ് അവര്‍ വിലപ്പെട്ട ജീവിതം തുലച്ചുകളയുന്നത്. അവളുടെ പേരിലാണു പരസ്പരം കലഹങ്ങളും കൊലവിളികളും നടത്തുന്നത്. എന്നിട്ടെന്ത്? ആര്‍ക്കെങ്കിലും അവളെ കിട്ടുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഉള്ളതും ഇല്ലാതായിത്തീരുന്നു. കിട്ടാന്‍വേണ്ടി നെട്ടോട്ടമോടി ഒടുവില്‍ ആറടി മണ്ണില്‍ വീഴുകയാണവര്‍. വിവേകശാലികള്‍ അവള്‍ക്കു പിന്നാലെയില്ല. അവരാ ചതിയത്തിയെ എന്നോ മൊഴി ചൊല്ലിക്കഴിഞ്ഞു.
ഇന്നലില്ലാഹി ഇബാദന്‍ ഫുത്വനാ
ത്വല്ലഖുദ്ദുന്‍യാ വഖാഫുല്‍ ഫിതനാ
(തീര്‍ച്ച, അല്ലാഹുവിനു ബുദ്ധിശാലികളായ ചില അടിയാറുകളുണ്ട്. അവര്‍ ദുനിയാവിനെ മൊഴിചൊല്ലുകയും നാശം ഭയക്കുകയും ചെയ്തിരിക്കുന്നു).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."