ഹജ്ജ് ക്വാട്ട: 1.7 ലക്ഷം ഇന്ത്യക്കാര്‍ക്ക് അവസരം ലഭിക്കും
റിയാദ്: വിദേശ രാജ്യങ്ങളുടെ വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചതോടെ 1.7 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും. ഹറം വികസനത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കന്‍ സഊദി ഭരണകൂടം തീരുമാനിച്ചതോടെയാണിത്. 20 ശതമാനം ക്വാട്ടയാണ് അന്ന് വെട്ടിക്കുറച്ചത്. ഇതോടൊപ്പം ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ വെട്ടിക്കുറച്ച 50 ശതമാനവും പുനഃസ്ഥാപിക്കാന്‍ ഉത്തരവുണ്ട്.
സഊദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും സഊദി സുപ്രിം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഇബ്‌നു നാഇഫ് രാജകുമാരന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങളുടെയും ആഭ്യന്തര തീര്‍ഥാടകരുടെയും വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.
പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന അധിക തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിരീടാവകാശി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2013ല്‍ ക്വാട്ട വെട്ടിക്കുറച്ചതോടെ ഇന്ത്യക്ക് നഷ്ടമായത് ഓരോ വര്‍ഷവും 34,000 പേരുടെ അവസരമാണ്. ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയുടെ ആയിരത്തില്‍ ഒന്ന് എന്ന തോതിലാണ് വിദേശരാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനാണ് ഹജ്ജ് ക്വാട്ട അടിസ്ഥാന മാനദണ്ഡം അംഗീകരിച്ചത്.
ക്വാട്ട പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞവര്‍ഷവും പ്രതീക്ഷിച്ചിരുന്നെങ്കിലും നിയന്ത്രണം തുടരാനായിരുന്നു സഊദി ഭരണകൂടത്തിന്റെ തീരുമാനം.
കഴിഞ്ഞവര്‍ഷം 1,36,020 ഇന്ത്യക്കാരാണ് ഹജ്ജിനെത്തിയത്. ഇതില്‍ കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യഗ്രൂപ് വഴി 36,000 പേരുമാണ് ഹജ്ജിനെത്തിയത്. വിദേശ രാജ്യങ്ങളുമായി ഹജ്ജ് കരാര്‍ ഒപ്പു വയ്ക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."