അപകടഭീഷണിയായി എം.ഇ.എസ് ആര്‍ട്‌സ് കോളജിനു സമീപത്തെ മറ്റൊരു ആല്‍മരം
അങ്ങാടിപ്പുറം: സ്ഥിരംഅപകടമേഖലയായ അങ്ങാടിപ്പുറം-കൊളത്തൂര്‍ റോഡില്‍ എം.ഇ.എസ് ആര്‍ട്‌സ് കോളജിനു സമീപത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന ആല്‍മരം വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. തൊട്ടടുത്ത് സ്ഥിതി ചെയ്തിരുന്ന മറ്റൊരു ആല്‍മരം കഴിഞ്ഞ ദിവസം റോഡിലേക്ക് കടപുഴകി വീണിരുന്നു.
മരം പൊട്ടിവീണതോടെ മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയ വഴിയാത്രികന്‍ അതിസാഹസികമായാണ് രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസുകള്‍ മുതല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് വികസനത്തിനായി റോഡിന്റെ ഉയര്‍ന്ന വശത്തെ മണ്ണ് നീക്കം ചെയ്തതോടെ ആല്‍മരങ്ങളുടെ നില്‍പ്പ് മണ്‍തിട്ടയിലുമായി.വര്‍ഷങ്ങള്‍ പഴക്കമേറിയ ഈ ആല്‍മരങ്ങളുടെ താഴെ ഭാഗത്തുള്ള മണ്ണ് നീക്കം ചെയ്തതോടെ ആല്‍മരങ്ങള്‍ക്ക് ഭൂമിയില്‍ ഉറച്ചുനില്‍ക്കാന്‍ പോലും സാധിക്കാതെയായി.
ആര്‍ട്‌സ് കോളജിനു സമീപത്ത് അപകടവളവില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് ആല്‍ മരങ്ങള്‍ ആഴ്ച്ചകള്‍ക്കു മുമ്പ് മുറിച്ചുമാറ്റിയിരുന്നു. അപകട ഭീഷണിയായി റോഡരികില്‍ സ്ഥിതിചെയ്യുന്ന ഈ ആല്‍മരം കടപുഴകി വീഴുമോയെന്ന ആശങ്കയിലാണ് സമീപവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."