മൗനജാഥ തടസ്സപ്പെടുത്തി: എസ്.ഐയുടെ നടപടി വിവാദമാകുന്നു
മാനന്തവാടി: മരണത്തില്‍ അനുശോചിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരത്തില്‍ മൗനജാഥയും യോഗവും നടത്തുന്നത് തടസ്സപ്പെടുത്തിയ എസ്.ഐയുടെ നടപടി വിവാദമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മാനന്തവാടി എസ്.ഐ സന്തോഷിന്റെ പെരുമാറ്റം.
ജില്ലാ പ്രബേഷന്‍ ഓഫിസറായിരുന്ന കെ സുരേഷിന്റെ സംസ്‌ക്കാര ചടങ്ങ് കഴിഞ്ഞ് മാനന്തവാടി തലശ്ശേരി റോഡില്‍ എത്തിയവര്‍ സോളിഡാരിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള അനുശോചന പരിപാടിക്കായി ബാഡ്ജും കറുത്ത കൊടിയുമായി ജാഥ ആരംഭിക്കാനിരിക്കെയാണ് എസ്.ഐ അസഭ്യവര്‍ഷം ചൊരിഞ്ഞെത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വീഡിയോ മൊബൈലില്‍ ചിത്രീകരിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു.
കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ നാട്ടുകാര്‍ എതിര്‍ത്തതോടെ എസ്.ഐ പിന്‍വാങ്ങുകയായിരുന്നു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജാഥ ഉപേക്ഷിച്ച് സോളിഡാരിറ്റി ലൈബ്രറിയില്‍ അനുശോചന യോഗം നടത്തി പിരിഞ്ഞ് പോവുകയായിരുന്നു. എസ്.ഐയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി.ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."