യുവതിക്കും കുഞ്ഞിനും ക്രൂരമര്‍ദനം: ഭര്‍ത്താവ് പിടിയില്‍
അടിമാലി: ആദിവാസികുടിയില്‍ ഭാര്യയെയും പതിനാല് ദിവസം പ്രായമായ കുഞ്ഞിനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവില്‍പോയ ഭര്‍ത്താവിനെ അടിമാലി പൊലിസ് അറസ്റ്റ് ചെയ്തു. അടിമാലി വാളറ പാട്ടെടമ്പ് രവി (33) യാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ നിര്‍മ്മല (26), 14 ദിവസമായ പെണ്‍കുഞ്ഞ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേര്യമംഗലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ചയാണ് വാളറ പാട്ടെടമ്പ് ആദിവാസിക്കുടിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിയേയും പിഞ്ച് കുഞ്ഞിനേയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.
തുടര്‍ന്ന് അടിമാലി പൊലിസും ആരോഗ്യ പ്രവര്‍ത്തകരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുടിയിലെത്തി നിര്‍മ്മലയേയും കുട്ടിയേയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ നട്ടെല്ലിനും മുഖത്തും സാരമായി പരിക്കേറ്റ നിര്‍മ്മലയേയും ആരോഗ്യ സ്ഥിതി ഏറെ മോശമായ കുഞ്ഞിനേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് നിര്‍മ്മലയുടെ ഭര്‍ത്താവ് രവി ഒളിവില്‍ പോകുകയായിരുന്നു. ഇന്നലെ ഉച്ചയോടെ രവി നേര്യമംഗലത്തുള്ള ഷാപ്പില് മദ്യപിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിമാലി പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ രവിയെ റിമാന്റ് ചെയ്തു. നിര്‍മ്മലയുടെയും കുഞ്ഞിന്റേയും നില മാറ്റമില്ലാതെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."