'നവകേരളത്തിന് ജനകീയാസൂത്രണം': സംസ്ഥാനതല ഉദ്ഘാടനം നാളെ
തൃശൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'നവകേരളത്തിന് ജനകീയാസൂത്രണം' സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 12ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. തേക്കിന്‍കാട് മൈതാനിയിലെ കൈരളി മണ്ഡപത്തിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
12 വേദികളിലായി 12 ജനകീയ സെമിനാറുകള്‍ നടക്കും. കാര്‍ഷിക സെമിനാറില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ആമുഖാവതരണം നടത്തും.
ജലസുരക്ഷാ സെമിനാറില്‍ മന്ത്രി മാത്യു ടി.തോമസ്, ആരോഗ്യ സുരക്ഷയില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ. പ്രവീണ്‍ലാല്‍, സമ്പൂര്‍ണപാര്‍പ്പിട പദ്ധതിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, മാലിന്യസംസ്‌കരണത്തില്‍ ഹരിതകേരളം എക്‌സി. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ, വിദ്യാഭ്യാസ സെമിനാറില്‍ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, സദ്ഭരണത്തില്‍ തദ്ദേശഭരണ സ്‌പെഷല്‍ സെക്രട്ടറി വി.കെ ബേബി, വ്യവസായ സെമിനാറില്‍ മന്ത്രി എ.സി മൊയ്തീന്‍, ലിംഗനീതിയില്‍ ആര്‍. പാര്‍വതിദേവി, പട്ടികജാതി പട്ടികവര്‍ഗ വികസനത്തില്‍ ടി.കെ വാസു, നഗരാസൂത്രണത്തില്‍ മന്ത്രി ഡോ.കെ.ടി ജലീല്‍, സാമൂഹ്യസുരക്ഷയില്‍ സി.പി നാരായണന്‍ എം.പി ആമുഖാവതരണം നടത്തും.
ഇന്ന് പഞ്ചായത്തുകളില്‍ വാര്‍ഡുതല വിളംബര ജാഥകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ കലക്ടര്‍ ഡോ.എ. കൗശിഗന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാനവാസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു. ഗീത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."