പെണ്‍കുട്ടിയുടെ മരണം: യുവാവിനെ തിരുപ്പൂരിലേക്ക് കൊണ്ടുപോയി
കോഴിക്കോട്: രണ്ടാഴ്ച മുന്‍പ് കാമുകനൊപ്പം നാടുവിട്ട കോഴിക്കോട് സ്വദേശിനി ഹനീഷ ഷെറിന് (19) തിരുപ്പൂരില്‍ ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കേസില്‍ പിടിയിലായ കുറ്റിക്കാട്ടൂര്‍ സ്വദേശി മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രന്‍ (20) ന്റെ മൊഴിയിലെ വൈരുധ്യമാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.
മൊഴികള്‍ മാറ്റുന്നത് പൊലിസിനെയും ഏറെ കുഴയ്ക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി തിരുപ്പൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അര്‍ധരാത്രിയോടെ ഇയാളെ തിരുപ്പൂരിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് എത്തിച്ച് ട്രെയിനില്‍നിന്നു വീഴാനുള്ള സാഹചര്യമുണ്ടോയെന്നും, യാത്ര ചെയ്തിരുന്ന ട്രെയിന്‍ ബോഗി എന്നിവയും പൊലിസ് പരിശോധിക്കും.
പെണ്‍കുട്ടി ബൈക്കില്‍നിന്നു വീണതാണെന്ന് ഇയാള്‍ തിരുപ്പൂരിലെ റെയില്‍വേ ട്രാക്കിനടുത്ത വീട്ടുകാരോട് പറഞ്ഞിരുന്നു. തിരുപ്പൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു ബൈക്കപകടം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഹനീഷ ട്രെയിനില്‍നിന്നു വീണതാണെന്നാണ് അഭിരാം പിന്നീട് നല്കിയ മൊഴി. സംഭവത്തിനു മുന്‍പ് അഭിരാമിന്റെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം ഹനീഷയുടെ മൃതദേഹം ജയില്റോഡിലെ വീട്ടില്‍ ഇന്നലെ എത്തിച്ചു. സെവന്‍ത്ത് ഡേ സഭയുടെ വിശ്വാസപ്രകാരം ഇന്ന് പ്രാര്‍ഥനാ ദിവസമായതിനാല്‍ ഇന്നത്തെ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം നാളെ പെരുവണ്ണാമൂഴിയില്‍ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."