റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന്റെ മറവില്‍ കടയുടമകള്‍ നടത്തുന്നത് പകല്‍ക്കൊള്ള
കോട്ടയം: റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന്റെ മറവില്‍ റേഷന്‍ കടയുടമകള്‍ നടത്തുന്നത് പകല്‍ക്കൊള്ള. ജില്ലയുടെ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട റേഷന്‍ കരിഞ്ചന്തയില്‍ വില്‍ക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.എ.പി.എല്‍ വിഭാഗത്തിന് ജനുവരി മാസം നാലുകിലോ അരി(പച്ചരി ഉള്‍പ്പെടെ)യും ഒരു കിലോ ഗോതമ്പും അരലിറ്റര്‍ മണ്ണെണ്ണയും നല്‍കണമെന്നിരിക്കെ പലയിടങ്ങളിലും ഇത്തരത്തില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നിരിക്കെ പ്രിയപ്പെട്ടവര്‍ക്കും പരിചയക്കാര്‍ക്കും റേഷനരി ആവശ്യം പോലെ നല്‍കുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്.
ജില്ലയില്‍ ചങ്ങനാശേരി, കുറിച്ചി എന്നിവടങ്ങളിലാണ് ഇപ്പോള്‍ പരാതി വ്യാപകമായിരിക്കുന്നത്. നാലുകിലോ അരിമാത്രമാണ് നല്‍കേണ്ടതെന്നിരിക്കെ കുറിച്ചിയിലെ ചില റേഷന്‍ കടകളില്‍ നല്‍കുന്നത് എട്ടുകിലോ അരി. അതേ സമയം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് നാലു കിലോ മാത്രം. അര്‍ഹതപ്പെട്ട ഒരു കിലോ ഗോതമ്പ് ലഭിക്കുന്നില്ല. ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ എ.പി.എല്‍ വിഭാഗത്തിന് ഒരു കിലോ ഗോതമ്പ് ജനുവരി മാസത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും കടയില്‍ നിന്ന്് ഗോതമ്പ് ആര്‍ക്കും തന്നെ ലഭിക്കുന്നില്ല. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി കേന്ദ്രം റേഷന്‍ വിഹിതം വെട്ടിക്കുറച്ചുവെന്നാണ്. അതേസമയം, കാര്‍ഡില്ലാതെ റേഷന്‍ അരി എത്രവേണേലും ലഭിക്കുമെന്ന സ്ഥിതിയാണ് ഭൂരിഭാഗം റേഷന്‍കടകളിലും.
ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുമ്പോഴും കൃത്യമായ പരിശോധന നടത്താന്‍പോലും അധികൃതര്‍ തയാറാകുന്നില്ലെന്നതാണ് വസ്തുത. എ.പി.എല്‍ വിഭാഗത്തിന് ചാക്കരിയും പച്ചരിയും അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ലഭിക്കുന്നത് പച്ചരിമാത്രമാണ്. പരാതിപ്പെടുകയും ഒച്ചപ്പാടുണ്ടാക്കുകയും മാത്രം ചെയ്താലേ റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുവെന്ന സ്ഥിതിയാണ് കുറിച്ചിയില്‍. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ മറവിലും പലര്‍ക്കും റേഷന്‍ നിഷേധിക്കുന്ന നിലപാടാണ് കടയുടമകള്‍ക്ക്. മൂന്നു മാസമായി റേഷന്‍ വിഹിതം ലഭിക്കാത്തവരും ഏറെയുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ഇഷ്ടക്കാര്‍ക്ക് അനുവദിച്ചതിലും ഏറെ നല്‍കുകയും പണം കൂടുതല്‍ നല്‍കുന്നവര്‍ക്കും അരി മറിച്ചു വില്‍ക്കുകയും ചെയ്യുന്നത് നിത്യസംഭവമായിട്ടുണ്ട്.
ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാമെന്നിരിക്കെ ഭൂരിഭാഗം കാര്‍ഡ് ഉടമകളും പ്രതികരിക്കാത്തതാണ് തട്ടിപ്പ് നടത്തുവാന്‍ കടയുടമകളെ പ്രേരിപ്പിക്കുന്നത്. തട്ടിപ്പ് നടത്തുന്നത് പ്രാദേശിക പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയോടെയാണെന്നതും ശ്രദ്ധേയം.എന്തിനും പ്രതികരിക്കുന്ന പാര്‍ട്ടി ഘടകങ്ങളുടെ യൂത്ത് വിംഗും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന സ്ഥിതിയാണ് കുറിച്ചിയിലും സമീപ പ്രദേശത്തും കാണുന്നത്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന്റെ മറവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും മറിച്ചു വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."