മന്‍മോഹനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് സി.പി.എമ്മിന്റെ ജീര്‍ണത: വി.ടി ബല്‍റാം
തിരുവനന്തപുരം: എ.കെ.ജിക്കെതിരേ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനു മറുപടിയുമായി വി.ടി ബല്‍റാം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ അവഹേളിച്ച മന്ത്രിയെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജീര്‍ണത തെളിയിക്കുന്നതായി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനുവേണ്ടി പടപൊരുതിയ മഹാനായ മുന്‍ പ്രധാനമന്ത്രിയെ ഹീനഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്‍മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും മുഖമുദ്രയെന്ന് വിശദീകരിക്കേണ്ടത് പാര്‍ട്ടി, ഭരണ നേതൃത്വങ്ങളാണ്.
ആ മഹദ്ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരുക്കാണ്. വിവരദോഷിയായ മന്ത്രിക്ക് അതു പറഞ്ഞുകൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സി.പി.എമ്മിനും സര്‍ക്കാരിനും ഇല്ലെന്നതാണ് ആ പാര്‍ട്ടിയുടെയും കേരള സംസ്ഥാനത്തിന്റെയും ദുരന്തം. അറിവില്ലായ്മയും ധിക്കാരവും കൈയേറ്റ ഭൂമിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരുജനതയുടെ ഹൃദയവികാരത്തെ ആക്രമിച്ചു കൊണ്ടാവരുതെന്ന് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തെയും മറന്ന നിര്‍ഗുണ സഖാക്കള്‍ ഓര്‍ക്കുന്നത് നന്ന്. മന്‍മോഹന്‍ സിങ്ങിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സി.പി.എമ്മിനും കേരള സര്‍ക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."