ലോക കേരളസഭ സമ്മേളനം നാളെ തുടങ്ങും
തിരുവനന്തപുരം: ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു നന്മയെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം നാളെയും മറ്റന്നാളും നിയമസഭാ മന്ദിരത്തില്‍ ചേരും.
നാളെ രാവിലെ 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും.
സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരള സഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍.ആര്‍.ഐ വ്യവസായികള്‍, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ വ്യക്തമാക്കും.
ഉച്ചയ്ക്ക് 2.30ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ അവതരണം നടക്കും.
6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. പ്രഭാവര്‍മ്മ രചിച്ച് ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കോറിയോഗ്രാഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യവിസ്മയമായ 'ദൃശ്യാഷ്ടകം' എന്നിവയും ഉണ്ടാകും.
ലോക കേരളസഭയുടെ രണ്ടാം ദിവസമായ മറ്റന്നാള്‍ വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍ നടക്കും. രാവിലെ ഒന്‍പതിനാരംഭിക്കുന്ന ആദ്യ സെഷനില്‍ വിവിധ വേദികളില്‍ ധനകാര്യം, വ്യവസായം, വിവരസാങ്കേതികം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുന്‍പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍.
11.30ന് തുടങ്ങുന്ന രണ്ടാം സെഷനില്‍ വിവിധ വേദികളില്‍ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പൊതുസഭാ സമ്മേളനം ആരംഭിക്കും. 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ പ്രശാന്ത് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."