കാണുന്നതിനപ്പുറം കാണാതിരുന്നാല്‍
വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊല്ലാന്‍ രാജസ്ഥാന്‍ പൊലിസ് ശ്രമിച്ചെന്നും അതിനു നിര്‍ദേശം നല്‍കിയത് ഡല്‍ഹിയിലെ ഉന്നതനാണെന്നും വിശ്വഹിന്ദുപരിഷത് അന്തര്‍ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍തൊഗാഡിയ വെളിപ്പെടുത്തിയ അതേദിവസം തികച്ചും ജനാധിപത്യവിശ്വാസിയും മതേതരവാദിയുമായ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു.
''ഞാന്‍ അന്നേ പറഞ്ഞിരുന്നില്ലേ..., ഇവര്‍ തമ്മില്‍ത്തല്ലി നശിക്കുമെന്ന്. ഇപ്പോള്‍ അതുതന്നെ സംഭവിച്ചില്ലേ.''
അങ്ങേയറ്റം ആവേശം തുളുമ്പുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ശരിയാണ്, നരേന്ദ്രമോദി അധികാരത്തിലേറിയ കാലം മുതല്‍ അദ്ദേഹം പറയാറുള്ളതാണ്, ആരും തകര്‍ക്കാതെ തന്നെ മോദിയുടെ ഫാസിസ്റ്റ് ഭരണം തകരുമെന്ന്. സംഘ്പരിവാറിലെ അന്താരാഷ്ട്രതലത്തില്‍ വേരുകളുള്ള ഏറ്റവും പ്രബലമായ സംഘടനയാണു വി.എച്ച്.പി. അതിന്റെ പരമോന്നത നേതാവു തന്നെയാണ് മറ്റൊരു സംഘ്പരിവാരമായ ബി.ജെ.പിയുടെ സമുന്നത നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കെതിരേ പരോക്ഷമായി (ഒരര്‍ഥത്തില്‍ പ്രത്യക്ഷമായിത്തന്നെ) രംഗത്തുവന്നിരിക്കുന്നത്.
രാഹുല്‍ഗാന്ധിയെപ്പോലുള്ള ആയിരം പ്രതിപക്ഷനേതാക്കള്‍ ഒരുമിച്ചെതിര്‍ത്താലും ഉണ്ടാക്കാന്‍ കഴിയാത്ത തകര്‍ച്ചയല്ലേ അത് മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണു സുഹൃത്തിന്റെ ചോദ്യം. ആ ചോദ്യത്തിലെ ആത്മാര്‍ഥതയെയും യുക്തിയെയും എതിര്‍ക്കാന്‍ കഴിയില്ല. കാരണം, പ്രതിപക്ഷത്തുള്ള ശത്രുക്കളെ അമര്‍ച്ച ചെയ്യുന്ന മോദിയുടെ മിടുക്ക് നാം ഒന്നും രണ്ടും തവണയല്ല കണ്ടിട്ടുള്ളത്.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച നേതാവായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബി.ജെ.പിയെ തറപറ്റിച്ചത് നിതീഷ്‌കുമാറിനു മോദിയോടുള്ള പകയുടെ ഊക്കായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ഭരണം തൂത്തെറിയാന്‍ കഴിയുന്ന ഏകനേതാവെന്നു വിഖ്യാത ചരിത്രകാരനും രാഷ്ട്രീയനിരീക്ഷകനുമായ രാമചന്ദ്രഗുഹയെപ്പോലൊരാള്‍ ചുണ്ടിക്കാണിച്ചതും നിതീഷ്‌കുമാറിനെയായിരുന്നു. ആ നിതീഷ്‌കുമാറിനെ പുഷ്പംപോലെ കൈയിലെടുത്ത് ആജ്ഞാനുവര്‍ത്തിയാക്കിയില്ലേ മോദി.
കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ സംസ്ഥാനത്തെ പ്രബലസാമുദായികവിഭാഗങ്ങളായ പട്ടീദാര്‍മാരുടെയും ഠാക്കൂര്‍മാരുടെയും ദലിതരുടെയും അതിശക്തമായ എതിര്‍പ്പാണു മോദി നയിക്കുന്ന ബി.ജെ.പിക്കു നേരേ ഉണ്ടായത്. 2002 മുതലുള്ള വംശഹത്യാപരമ്പരയുടെ ഇരകളാക്കപ്പെട്ട മുസ്‌ലിംകള്‍ സ്വാഭാവികമായും ബി.ജെ.പിയുടെ ശത്രുക്കളായിരുന്നു.
അതുവരെയുണ്ടായിരുന്ന ബാലചാപല്യങ്ങളെല്ലാം കൈവെടിഞ്ഞ് രാഹുല്‍ഗാന്ധി അതീവഗൗരവത്തോടെ പടനയിച്ച തെരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. മോദിയുടെ രാഷ്ട്രീയാന്ത്യത്തിന്റെ ആരംഭമായി എല്ലാവരും ആ തെരഞ്ഞെടുപ്പിനെ കണ്ടു. എന്നിട്ടും പട്ടീദാര്‍ സമുദായത്തെ പിളര്‍ത്തിയും പാകിസ്താന്‍ ഗൂഢാലോചന ആരോപിച്ചും കോണ്‍ഗ്രസ് മുസ്‌ലിംകളെ കൈവിട്ടുവെന്ന പ്രചാരണം നടത്തിയും മോദി വിധി അനുകൂലമാക്കിയെടുത്തു.
ഈ ഘട്ടത്തിലാണു സംഘ്പരിവാറിനുള്ളില്‍നിന്നു തന്നെ അതിശക്തനായ ഒരു ശത്രു മോദിയ്‌ക്കെതിരേ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. തൊഗാഡിയക്കു മോദി പതിറ്റാണ്ടുകളായി ചതുര്‍ഥിയാണ്. രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ശ്രമിച്ച മോദിയെ ഗുജറാത്തിലെ ബി.ജെ.പി ആസ്ഥാനത്തുപോലും കടക്കാന്‍ അനുവദിക്കാതിരുന്ന നേതാവാണു തൊഗാഡിയ. മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചപ്പോഴും അതിശക്തമായി എതിര്‍ത്തു.
അപ്പോഴൊക്കെ മോദിക്കു രക്ഷകനായത് രാഷ്ട്രീയഗുരുവായിരുന്ന അദ്വാനിയാണ്. അന്നു തൊഗാഡിയയെ അനുനയിപ്പിക്കാന്‍ അദ്വാനി ചില്ലറ വിയര്‍പ്പൊന്നുമല്ല ഒഴുക്കിയത്. മോദി മന്ത്രിസഭയിലെ പ്രധാനവകുപ്പെല്ലാം തൊഗാഡിയ നിര്‍ദേശിച്ചവര്‍ക്കു നല്‍കിയാണ് വെടിനിര്‍ത്തലുണ്ടാക്കിയത്. പ്രധാനമന്ത്രിസ്ഥാനത്തേക്കു മോദിക്കു പകരം ഇന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ കൊണ്ടുവരാനും തൊഗാഡിയ ശ്രമിച്ചു നോക്കി.
പ്രധാനമന്ത്രിയാകുന്നതിനുള്ള വഴിയില്‍ തടസ്സമെന്നു കരുതിയ പഴയ രക്ഷകനായ അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും യശ്വന്ത് സിന്‍ഹയെയും ജസ്വന്ത് സിങ്ങിനെയുമെല്ലാം അരിഞ്ഞുവീഴ്ത്തിയ മോദിക്കു തൊഗാഡിയയെ ഒതുക്കാനായിരുന്നില്ല. എന്നാല്‍, ആഴ്ചകള്‍ക്കു മുമ്പ് ആര്‍.എസ്.എസിലെ ചില പ്രമുഖരെ കൂട്ടുപിടിച്ച് അതിനും മോദി ശ്രമിച്ചു. വി.എച്ച്.പി നേതൃത്വത്തില്‍നിന്നു തൂത്തെറിയാനുള്ള ശ്രമം വിദഗ്ധമായാണു തൊഗാഡിയ തകര്‍ത്തത്.
ഇനി രണ്ടു കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം.
അതിലൊന്നു മോദിയുടെ മോഹമാണ്. രണ്ടാമത്തേത് തൊഗാഡിയയുടെ ലക്ഷ്യവും.മോദിയുടെ മോഹം പ്രധാനമന്ത്രിക്കസേരയില്‍ രണ്ടാംതവണയും എത്തുകയെന്നതാണ്. 2014 ല്‍ ആദ്യമായി ആ കസേരയിലിരിക്കാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹം പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ത്തന്നെ അതു ഭംഗ്യന്തരേണ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് അദ്ദേഹം നടത്തിയ ഓരോ പ്രഖ്യാപനവും പത്തുവര്‍ഷക്കാലത്തേക്കുള്ളതായിരുന്നു. അഞ്ചുവര്‍ഷം ഭരിക്കാന്‍ മാത്രം ജനവിധി കിട്ടിയ ഭരണാധികാരി പത്തുവര്‍ഷത്തേക്കുള്ള പ്രഖ്യാപനം നടത്തിയതിന്റെ യുക്തി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ നമുക്കായില്ല. തുനിഞ്ഞിറങ്ങിയ മോദിക്ക് 2019ന്റെ കടമ്പ കടന്നേ മതിയാവൂ.
അതേസമയം, മോദിയെന്ന ആജന്മശത്രുവിനു രണ്ടാമൂഴം അനുവദിക്കരുതെന്ന പിടിവാശി തൊഗാഡിയയ്ക്കുണ്ട്. അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണു ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനു രഹസ്യപിന്തുണ നല്‍കിയത്. അതുകൊണ്ടാണു മോദി വിരോധികളായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ആത്മസൗഹൃദത്തിലായത്. (തൊഗാഡിയയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചവരില്‍ പ്രമുഖര്‍ ഇവര്‍ രണ്ടുപേരുമാണെന്നത് ഓര്‍ക്കുക.) 2019 ല്‍ ഇന്ത്യ ഭരിക്കേണ്ടതു ബി.ജെ.പി തന്നെയായിരിക്കണമെന്നു മോദിയെപ്പോലെ തൊഗാഡിയയും വിശ്വസിക്കുന്നു. അതേസമയം, പ്രധാനമന്ത്രിക്കസേരയിലിരിക്കേണ്ടതു മോദിക്കു പകരം തന്റെ വിശ്വസ്തരായ യോഗിയോ ചൗഹാനോ ആയിരിക്കണമെന്നാണു വാശി.
ഇതിനിടയിലാണ്, തൊഗാഡിയ അപ്രത്യക്ഷനാകുന്നതും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്നതും തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലാന്‍ ശ്രമിച്ചതായി ആരോപിച്ചതും അതിനു പിന്നില്‍ ഡല്‍ഹിയിലെ മഹാനാണെന്നു വെളിപ്പെടുത്തിയതും. ഒരുപക്ഷേ, അദ്ദേഹേം പറയുന്നതു ശരിയാകാം. അല്ലെങ്കില്‍ ഗുജറാത്ത് പൊലിസ് മേധാവികളിലൊരാള്‍ പറഞ്ഞപോലെ അതൊരു നാടകവുമാകാം.
അതെന്തായാലും, അതു ഫാസിസ്റ്റ് ശക്തികള്‍ തമ്മില്‍ത്തല്ലി നശിക്കുന്നതിന്റെ ആരംഭമല്ല. ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാനുള്ള വകയുമല്ല.കാരണം, മോദിയെ ഇറക്കാനും തങ്ങള്‍ക്കു ശക്തിനേടാനും തൊഗാഡിയയും യോഗിയും ചൗഹാനും ആയുധമാക്കുന്നത് രാമക്ഷേത്രമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥാനത്ത് എത്രയും പെട്ടെന്നു രാമക്ഷേത്രം പണിയുമെന്നാണു പ്രഖ്യാപനം. അതിനു പരമാവധി വര്‍ഗീയധ്രുവീകരണം നടത്താന്‍ അവര്‍ ശ്രമിക്കും. അവര്‍ക്കു തടയിടാന്‍ അതിനേക്കാള്‍ വലിയ സാമുദായിക കാര്‍ഡ് മോദി ഉപയോഗിക്കുമെന്നറപ്പ്.ഇതൊക്കെ വരികള്‍ക്കിടയില്‍ വായിക്കാതെ വായും പൊളിച്ചിരുന്നാല്‍ തകര്‍ന്നുവീഴുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളായിരിക്കും. കമ്യൂണിസത്തിന്റെ പേരില്‍ ഉത്തരകൊറിയയില്‍ കിം ജോങ് ഉങ് വാഴുന്നപോലെ ജനാധിപത്യവ്യവസ്ഥയില്‍ ഏകാധിപതി ഭരിക്കുന്ന നാടായി മാറും ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."