അപൂര്‍വ രോഗം ബാധിച്ച ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: കളിച്ചു നടക്കേണ്ട പ്രായത്തില്‍ അപൂര്‍വ രോഗം കീഴടക്കിയ കണ്ണൂര്‍ അഴീക്കോട് സ്വദേശിനി 13 വയസുകാരി ആര്യയുടെ ചികിത്സ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കാന്‍ തീരുമാനം.
ഏത് രീതിയിലുള്ള വിദഗ്ധ ചികിത്സയാണ് ആര്യക്ക് വേണ്ടതെന്ന് പരിശോധിച്ച് അതിനുള്ള സഹായം ചെയ്യുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്നലെ ആര്യയെ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് അവിടത്തെ ഡോക്ടര്‍മാരുമായി സംസാരിക്കുമെന്നും ഇതോടൊപ്പം ജനങ്ങളുടെ സഹായവുമുണ്ടാകണമെന്നും സാധിക്കുന്നതിന്റെ പരമാവധി കുട്ടിയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെയ്യുന്നതാണെന്നും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പ് സ്‌കൂളില്‍ തളര്‍ന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് മാറ്റി. അര്‍ബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗം പിടിപെട്ടത്.
ചികിത്സക്കായി കുടുംബം വീടും സ്ഥലവും വരെ പണയപ്പെടുത്തി. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പണമില്ലാത്തതിനാല്‍ തിരിച്ചു കൊണ്ടുപോന്നു.
കണ്ണൂരിലെ വാടകവീട്ടില്‍ ദേഹമാസകലം മുറിവുകളുമായി ജീവിക്കുന്ന ആര്യയുടെ തുടര്‍ ചികിത്സയ്ക്കായി പാടുപെടുകയായിരുന്നു കടക്കെണിയിലായ കുടുംബം. ആര്യയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്.
ആര്യയുടെ ചികിത്സയ്ക്കും കുടുബത്തിനും സുമനസുകളുടെ സഹായം തേടുന്നു. കെ.വത്സരാജ്, അക്കൗണ്ട് നമ്പര്‍ 33634245685, ഐ.എഫ്.എസ്.സി കോഡ്- എസ്.ബി.ഐ എന്‍ 0011921, എസ്.ബി.ഐ അഴീക്കോട് ബ്രാഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."