ടി.കെ.എം കോളജില്‍ അന്തര്‍ദേശീയ സെമിനാര്‍
കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 14, 15 തിയതികളില്‍ 'ട്രോപ്പിക്കല്‍ പ്ലാന്റ്‌സ് ആന്റ് മോളിക്കുലാര്‍ ഡിസൈന്‍' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടക്കും. കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 ശാസ്ത്രഞ്ജര്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കും. ആയുര്‍വേദത്തില്‍ നിന്ന് കാന്‍സര്‍ പ്രതിരോധ ഔഷധങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലടക്കം കയറ്റുമതി ചെയ്യുന്ന കമ്പനിയായ സെമിലാബിന്റെ എം.ഡി ഡോ. മുഹമ്മദ് മജീദിനെ സെമിനാറില്‍ ആദരിക്കും.
സെമിലാബിന്റെ ഔഷധങ്ങളുടെയും മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുടെയും പ്രദര്‍ശനം, പ്രബന്ധാവതരണ മല്‍സരം, പോസ്റ്റര്‍ മല്‍സരം എന്നിവയും സെമിനാറിന്റെ ഭാഗമായി നടക്കും. മല്‍സരങ്ങളിലെ വിജയികള്‍ക്കും സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കും യു.കെയിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കും. 14ന് രാവിലെ 9.30ന് സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിക്കും. കോളജ് ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."