കോഴിക്കോടന്‍ വിശേഷങ്ങളറിയാന്‍ വിനോദസഞ്ചാരികള്‍ ബേപ്പൂരില്‍
ഫറോക്ക്: കേട്ടറിഞ്ഞ സുല്‍ത്താന്റെ നാട്ടിലെ വിശേഷങ്ങള്‍ കാണാന്‍ വിദേശ വിനോദസഞ്ചാരികള്‍ ബേപ്പൂരിലെത്തി. എം.വി സില്‍വര്‍ ഡിസ്‌കവറര്‍ എന്ന ആഡംബര കപ്പലിലെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 77 അംഗ സഞ്ചാരികളാണ് തുറമുഖത്തെത്തിയത്. ഉരു നിര്‍മാണത്തിലൂടെ ലോക പ്രശസ്തിയാര്‍ജിച്ച ബേപ്പൂരിന്റെ പൈതൃകങ്ങള്‍ കണ്ട സംഘം വൈകിട്ടോടെ ലക്ഷദ്വീപിലേക്കു തിരിച്ചു.
കിഴഞ്ഞ ഡിസംബര്‍ 22നു ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്നു പുറപ്പെട്ട സംഘം ഇന്നലെ രാവിലെയാണ് ബേപ്പൂരിലെത്തിയത്. കൂറ്റന്‍ ആഡംബര കപ്പലായ സില്‍വര്‍ ഡിസ്‌കവറര്‍ തുറമുഖത്ത് അടുപ്പിക്കാനാവത്തതിനാല്‍ പുറംകടലില്‍ നങ്കൂരമിടുകയായിരുന്നു. ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കു ശേഷം കപ്പലിലെ തന്നെ ചെറുബോട്ടുകളിലാണു സഞ്ചാരികളെ പുലിമുട്ടിലെ മറീന ജെട്ടിയിലെത്തിച്ചത്. ബേപ്പൂര്‍ കയര്‍ ഫാക്ടറി, ഉരുനിര്‍മാണ കേന്ദ്രം, നടുവട്ടം തസറ നെയ്ത്തുകേന്ദ്രം, മിഠായിത്തെരുവ് എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
അമേരിക്ക, ബ്രിട്ടന്‍, അര്‍ജന്റീന, ആസ്േ്രതലിയ, ഓസ്ട്രിയ, കാനഡ, ചൈന, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഹോങ്കോങ്, ഇറ്റലി, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സഞ്ചാരികളെത്തിയത്. ഇവരിലേറെയും പ്രായം ചെന്നവരാണ്. ക്യാപ്റ്റന്‍ ഗ്രെസ്ലാക് ഡാരിയൂസിന്റെ നേതൃത്വത്തില്‍ 105 ജീവനക്കാരുള്ള എം.വി സില്‍വര്‍ ഡിസ്‌കവറര്‍ കപ്പലിനു 102 മീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവുമുണ്ട്. ഏഴു തട്ടുകളിലായി 64 കാബിനുകളുള്ള കപ്പലില്‍ 154 പേര്‍ക്കു സഞ്ചരിക്കാം. ലക്ഷദ്വീപിലെ തന്നിക്കര, ചെറിയം മിനിക്കോയ് ദ്വീപുകള്‍, വിഴിഞ്ഞം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. സംഘം ഫെബ്രുവരി നാലിനു കൊളംബോയില്‍ തിരിച്ചെത്തും.
മലബാറിലെ ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് വിദേശ വിനോദസഞ്ചാരികളെ ബേപ്പൂരിലേക്കു ക്ഷണിച്ചതെന്നു പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ് പറഞ്ഞു.
ബേപ്പൂര്‍ പൈതൃകവും സംസ്‌കാരവും പ്രകൃതിഭംഗിയും വിനോദസഞ്ചാരികള്‍ക്കു പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പുലിമുട്ടിലെ മറീന ജെട്ടി പ്രയോജനപ്പെടുത്തി കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."