സെന്റ് മൈക്കിള്‍സ് കോളജിലെ പ്രദര്‍ശന വാഴത്തോട്ടം ശ്രദ്ധേയമാകുന്നു
ചേര്‍ത്തല :നാടന്‍ വാഴയിനങ്ങളെ സംരക്ഷിക്കുവാനും അവയുടെ ഗുണങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനും കാര്‍ഷിക സംസ്‌കാര സംരക്ഷണത്തിനുമായി ഒരുക്കിയ പ്രദര്‍ശന വാഴത്തോട്ടം ആകര്‍ഷകമായി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലാണ് കര്‍ഷകരിലും വിദ്യാര്‍ഥികളിലും കൗതുകമുണര്‍ത്തുന്ന വാഴത്തോട്ടം.
നാഷണല്‍ സര്‍വീസ് സ്‌കീമാണ് കേരളത്തില്‍ ലഭ്യമായ എല്ലായിനം നാടന്‍ വാഴകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനത്തോട്ടം ഒരുക്കിയത്. പടറ്റി, ആറ്റുകണ്ണന്‍, ചുണ്ടില്ലാക്കണ്ണന്‍, കപ്പക്കാളി, മധുരവള്ളി, ചെങ്കദളി, ചെമ്പൂവന്‍, ചാരക്കാളി, ഗിരിസുധ തുടങ്ങിയ 24 ഇനം നാടന്‍ വാഴകളാണ് തോട്ടത്തില്‍ കുലച്ചുനില്‍ക്കുന്നത്. ഇതോടൊപ്പം അത്യുല്‍പാദന ശേഷിയുള്ള വാഴയിനങ്ങളും ഇവിടെയുണ്ട്. വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്നും അയല്‍പക്കത്ത് നിന്നുമാണ് നാടന്‍ വിത്തിനങ്ങള്‍ എത്തിച്ചത്.
ഓരോന്നിന്റെയും പേര് എഴുതിയ ബോര്‍ഡുകള്‍ വാഴയ്ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. അവയുടെ പ്രത്യേകതയും ഔഷധഗുണവും ക്രോഡീകരിച്ച കൈപ്പുസ്തകവും തയ്യാറാക്കി.
പൂര്‍ണമായി ജൈവകൃഷിയാണ് അവലംബിച്ചത്. പച്ചക്കറി അവശിഷ്ടങ്ങള്‍ ചന്തയില്‍നിന്ന് ശേഖരിച്ച് കുഴികളില്‍ അടിവളമായി നിക്ഷേപിച്ചാണ് വിത്ത് നട്ടത്്. ചാണകവും ചാരവും കോഴിവളവുമാണ് പിന്നീട് ഉപയോഗിച്ചത്. കുട്ടികള്‍ക്ക് പ്രചോദനവും മാര്‍ഗനിര്‍ദേശവുമായി കോളേജ് മാനേജര്‍ ഫാ. സോളമന്‍ ചാരങ്കാട്ടും ചേര്‍ത്തല തെക്ക് കൃഷി ഓഫീസര്‍ അനൂപും പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. പ്രതീഷും കൂടെയുണ്ട്. കാര്‍ഷിക പ്രേമികളില്‍ കൗതുകവും അതോടൊപ്പം വിസ്മയവും സൃഷ്ടിക്കുകയാണ് തോട്ടം. നാടന്‍ വാഴയിനങ്ങള്‍ പരിചയപ്പെടുവാനും തോട്ടം കാണുവാനും നിരവധിയാളുകളാണ് ക്യാമ്പസ് സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ നല്‍കുവാന്‍ കുട്ടികളും തയ്യാറായി സന്നദ്ധരായുണ്ട്. ഉല്‍പാദനമോ ലാഭമോ അല്ല കൃഷിയില്‍നിന്നു കോളേജ് പ്രതീക്ഷിക്കുന്നതെന്നും അന്യംനില്‍ക്കുന്ന ഔഷധഗുണമുള്ള വാഴയിനങ്ങള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് പ്രദര്‍ശനത്തോട്ടത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും മാനേജര്‍ ഫാ. സോളമന്‍ ചാരങ്കാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."