കേന്ദ്രത്തിലെ ദേശവിരുദ്ധ സര്‍ക്കാരിനെ ബാലറ്റിലൂടെ തുരത്തണം: ഹൈദരലി തങ്ങള്‍
തൃശൂര്‍: കേന്ദ്രത്തിലെ ദേശവിരുദ്ധ സര്‍ക്കാരിനെ 2019ലെ തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ തുരത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കെ.എസ്.ടി.യു 39-ാം സമ്പൂര്‍ണ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിനുള്ള ശ്രമം ജനാധിപത്യശക്തികളുമായിചേര്‍ന്ന് ഇപ്പോള്‍തന്നെ തുടങ്ങണം. കേന്ദ്ര സര്‍ക്കാരിന്റെ കാവിവല്‍ക്കരണവും ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയവല്‍ക്കരണവുമാണ് വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. കേന്ദ്രമാനവശേഷി വകുപ്പ് വിദ്യാഭ്യാസത്തിന്റെ ദേശീയ ലക്ഷ്യങ്ങളെ മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സമത്വവും സാഹോദര്യവും തകര്‍ക്കുകയും സങ്കുചിത ദേശീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ സര്‍വകലാശാലാ കാംപസുകളില്‍നിന്ന് നല്ല വാര്‍ത്തകളല്ല കേട്ടുകൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ കാര്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ചെറുകഥാകൃത്ത് പി. സുരേന്ദ്രന്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, കെ.എസ് ഹംസ, ഇ.പി ഖമറുദ്ദീന്‍, അഷ്‌റഫ് കോക്കൂര്‍, കെ.കെ അഫ്‌സല്‍ സംസാരിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി എ.കെ സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ഹമീദ് കൊമ്പത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."