സഊദിയില്‍ 95 ശതമാനം ജ്വല്ലറികളും സ്വദേശിവല്‍ക്കരണം നടപ്പാക്കി
ജിദ്ദ: സഊദിയിലെ 95 ശതമാനം ജ്വല്ലറികളും സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പാക്കിയതായി റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സഊദിയിലെ ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ തന്നെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിച്ചിരുന്നു. ഇതുവരെ 10,256 പരിശോധനകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
94.5 ശതമാനം സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 434 നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. 61 ശതമാനം നിയമലംഘനങ്ങളും വിദേശികളെ ജോലിക്ക് വച്ചതാണ്.
സ്വദേശിവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കാത്ത സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിക്കണമെന്ന് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് വിഭാഗം, നഗര-ഗ്രാമകാര്യ വകുപ്പ്, വാണിജ്യ നിക്ഷേപ വകുപ്പ്, പൊതുസുരക്ഷാ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണു പരിശോധന നടക്കുന്നത്. ഷോപ്പിങ് മാളുകളിലും മറ്റു വാണിജ്യകേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തുന്നുണ്ട്.
ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഒരു വിദേശിക്ക് 20,000 റിയാല്‍ എന്ന തോതില്‍ സ്ഥാപനത്തിനു പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."