മദ്യശാലകളുടെ ദൂരപരിധി: ചട്ടം ഭേദഗതി സഭ തള്ളി
തിരുവനന്തപുരം: മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച ചട്ടത്തിന് നിയമസഭയില്‍ കൊണ്ടുവന്ന ഭേദഗതി സഭ വോട്ടിനിട്ടു തള്ളി. ഇടതുസര്‍ക്കാരിന്റെ മദ്യനയമനുസരിച്ച് ചില മദ്യശാലകള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, പട്ടികജാതി- പട്ടികവര്‍ഗ കോളനികള്‍ എന്നിവയില്‍നിന്ന് നിശ്ചയിച്ച ദൂരപരിധി 50 മീറ്ററാണ്. ഇത് 150 മീറ്ററായി ഉയര്‍ത്തണമെന്ന ഭേദഗതി കെ.സി ജോസഫാണ് കൊണ്ടുവന്നത്.
എന്നാല്‍, ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്കു മാത്രമാണ് 50 മീറ്റര്‍ ദൂരപരിധി ഉള്ളതെന്ന് ജോസഫിനു മറുപടി പറഞ്ഞ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് മദ്യ ചില്ലറ വില്‍പനശാലകള്‍ക്കും ഇപ്പോഴും ദൂരപരിധി 200 മീറ്റര്‍ തന്നെയാണ്. ഫോര്‍സ്റ്റാറിലും ഫൈവ്സ്റ്റാറിലും കയറി മദ്യപിക്കുന്നവര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ്. സാധാരണക്കാര്‍ അവിടെ പോകാറില്ല.
ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് ദൂരപരിധി കുറച്ചത്. ദൂരപരിധി കൂട്ടിയാല്‍ ഇത്തരം ബാറുകള്‍ക്കു പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥവരും. നേരത്തെ കൂടിയ ദൂരപരിധി ഉണ്ടായിരുന്നപ്പോള്‍ ഇത്തരം ചില ഹോട്ടലുകളില്‍ ബാര്‍ പ്രവര്‍ത്തിക്കാനാവാതെ വന്നതുമൂലം വിനോദസഞ്ചാരികളുടെയും വന്‍കിട കണ്‍വന്‍ഷനുകളുടെയും എണ്ണത്തില്‍ കുറവുവന്നത് ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഭേദഗതി പരിഗണിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. പിന്നീട് 29നെതിരേ 60 വോട്ടുകള്‍ക്ക് ഭേദഗതി സഭ തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."