സങ്കടക്കടല്‍ താണ്ടി ഒരുമ്മ ഇവിടെയുണ്ട്
'എന്നോടൊന്നും ചോയിക്കരുത്, എനിക്കൊന്നും പറയാനില്ല... വേദന തിന്നാണ് ഞാന്‍ കഴിയുന്നത്, ഒരാളെ പടച്ചോന്‍ കൊണ്ടോയി, മറ്റൊരാള്‍ കാരാഗൃഹത്തിലും, റബ്ബേ ഒരാള്‍ക്കും ഈ ഗതി വരുത്തരുത്...'
ഹൃദയം പിളര്‍ന്ന ശരീരവും ഭീതി നിറഞ്ഞ മനസും കരഞ്ഞുകലങ്ങിയ കണ്ണുകളും ദൈന്യതയാര്‍ന്ന മുഖവുമായി ബിയ്യുമ്മ പറയുന്നു.
മകനുവേണ്ടി ഒരു ഉമ്മയുടെ നോവുന്ന കാത്തിരിപ്പിന് ഒന്‍പതാണ്ട് തികഞ്ഞിരിക്കുകയാണ്. അറബിക്കടലിന്റെ തീരത്ത് സങ്കടക്കടല്‍ തീര്‍ത്ത് ജീവിതം തള്ളിനീക്കുന്ന ബിയ്യുമ്മയുടെ ചുണ്ടുകളില്‍ അവശേഷിക്കുന്നത് പ്രാര്‍ഥനാവചനങ്ങള്‍ മാത്രമാണ്. ദുഃഖം തളംകെട്ടി നില്‍ക്കുന്ന ആ വീട്ടില്‍ എന്നും ശോകമൂക ദിനങ്ങളാണ് അവര്‍ക്ക്. കണ്ണീര്‍ പ്രവാഹത്തിനിടയില്‍ കുറച്ചു വാക്കുകള്‍ മാത്രമാണു സംസാരിച്ചതെങ്കിലും അതു ഹൃദയഭേദകമായിരുന്നു. കേട്ടുനില്‍ക്കുന്നവര്‍ പോലും പതറിപ്പോകുന്ന നിസഹായതയുടെ ദൈന്യസ്വരമായിരുന്നു അത്. അതിലേറെ ഒരുത്തരവും ആശ്വാസവും പകര്‍ന്നുനല്‍കാനാകാതെ പകച്ചുപോകുന്ന രൂക്ഷമായ ചോദ്യവും; 'എന്റെ മകനെ നിങ്ങള്‍ മടക്കിക്കൊണ്ടു വരുമോ...? അവന്‍ നിരപരാധിയാണ്...'
കലങ്ങിമറിഞ്ഞ കണ്ണുകളില്‍ എവിടെയോ പ്രതീക്ഷയുടെ ഇത്തിരിവെട്ടമുണ്ട്. ജീവനുതുല്യം സ്‌നേഹിച്ച മകനോടൊത്ത് കണ്ണടയും മുന്‍പ് ഒരിക്കല്‍കൂടെ കഴിയാനുള്ള അടങ്ങാത്ത ആഗ്രഹവും ആ മുഖത്ത് തെളിയുന്നുണ്ട്. മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. പലരും വന്നു കാണാറുണ്ടെങ്കിലും ബിയ്യുമ്മയുടെ ദുരിതത്തിനു മാത്രം അറുതിയായിട്ടില്ല. എങ്കിലും നീതിക്കായുള്ള പേരാട്ടം ശക്തമായി തുടരുക തന്നെയാണവര്‍.
ബിയ്യുമ്മയുടെ മകന്‍ സകരിയ്യയുടെ തടവറജീവിതം പത്താം വര്‍ഷത്തിലേക്കു കടക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ പരപ്പനങ്ങാടി വാണിയംപറമ്പത്ത് കോണിയത്ത് സകരിയ്യ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയാന്‍ തുടങ്ങിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഒന്‍പതു വര്‍ഷം പൂര്‍ത്തിയായി. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു ജോലി ചെയ്യുന്ന മൊബൈല്‍ കടയില്‍നിന്ന് കര്‍ണാടക പൊലിസ് സകരിയ്യയെ പിടിച്ചുകൊണ്ടുപോയത്.
ഭീതിയുടെ തുടക്കം
ഒരു ദിവസം സകരിയ്യയെ അന്വേഷിച്ച് ഒരാള്‍ വീട്ടിലെത്തി. ആദ്യം ജ്യേഷ്ഠനോട് സംസാരിച്ചായിരുന്നു അയാള്‍ പറഞ്ഞു തുടങ്ങിയത്. സകരിയ്യ പാസ്‌പോര്‍ട്ട് എടുത്തിട്ടുണ്ടോ എന്നു വന്നയാള്‍ ചോദിച്ചു. ഇല്ല എന്നു മറുപടി പറയുന്നതിനിടയില്‍ ഉമ്മ ബിയ്യുമ്മ കൂടി പൂമുഖത്തേക്കു വന്നു. ചോദ്യം കേട്ട ബിയ്യുമയും തന്റെ അറിവിലില്ല എന്നു പറഞ്ഞു. താന്‍ അറിയാതെ അവന്‍ ഒന്നും ചെയ്യില്ലെന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നു വന്നയാള്‍ വിഷയം മാറ്റി. എനിക്കൊരു മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാനുണ്ട്, അവന്റെ മൊബൈല്‍ നമ്പര്‍ വേണമെന്നായി. വീട്ടുകാര്‍ മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ ജ്യേഷ്ഠന്‍ താങ്കള്‍ പൊലിസുകാരനല്ലേ എന്നു തിരിച്ചുചോദിച്ചു. അതേ എന്നു തലയാട്ടി അയാള്‍ വീട്ടില്‍നിന്നിറങ്ങി ഫോണില്‍ ആരോടോ സംസാരിക്കുന്നതാണു കണ്ടത്. ഏറെ വൈകാതെ വന്നവര്‍ സ്ഥലം വിടുകയും ചെയ്തു. പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനില്‍നിന്നു വന്ന ഉദ്യോഗസ്ഥരാണ് അവരെന്നു പിന്നീടാണു മനസിലായത്.
തൊട്ടടുത്ത ദിവസമാണ് സകരിയ്യയെ തേടി ജോലി ചെയ്യുന്ന തിരൂരിലെ മൊബൈല്‍ കടയില്‍ കര്‍ണാടകയിലെ പൊലിസുകാര്‍ എത്തുന്നത്. കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് അവര്‍ അവനെ കൂട്ടിക്കൊണ്ടു പോയി. വൈകുന്നേരത്തോടെ വിട്ടയക്കാമെന്ന സൂചനയും നല്‍കി.
സാധാരണ വീട്ടില്‍ എത്തുന്ന സമയം കഴിഞ്ഞും സകരിയ്യയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രമത്തിലായി. അന്വേഷിച്ചപ്പോഴാണ് പൊലിസ് കൂട്ടിക്കൊണ്ടുപോയ കാര്യം അറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും തിരൂര്‍ പൊലിസിനെ സമീപിച്ചു കാര്യങ്ങള്‍ തിരക്കി. ഒന്നും അറിയില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. അതോടെ കാര്യങ്ങള്‍ കൈയില്‍നിന്നു വിട്ടതായി ബോധ്യപ്പെട്ട അവര്‍ പ്രദേശത്തെ ജനപ്രതിനിധിയായിരുന്ന അബ്ദുറബ് എം.എല്‍.എയെ നേരില്‍കണ്ടു വിവരം ബോധിപ്പിച്ചു. എം.എല്‍.എ രാത്രി വൈകിയും മലപ്പുറം മുതല്‍ പല ഭാഗത്തുമുള്ള പൊലിസ് സ്റ്റേഷനുകളിലും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളിലും അന്വേഷിച്ചെങ്കിലും കാര്യമായ മറുപടി ലഭിച്ചില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള നിയമപാലകരാണു കൊണ്ടുപോയതെന്ന ചെറിയ സൂചന മാത്രമാണു ലഭിച്ചത്.
ഒന്നും രണ്ടും ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു തുമ്പും ലഭിച്ചില്ല. വീട്ടിലും കുടുംബത്തിലും എങ്ങും മ്ലാനത പടര്‍ന്നു. നാട്ടിലും അഭ്യൂഹങ്ങള്‍ പടര്‍ന്നുപിടിച്ചു. മൂന്നാംനാള്‍ സകരിയ്യ നേരിട്ട് വീട്ടിലേക്കു വിളിച്ചു. താന്‍ ബംഗളൂരുവില്‍ ജയിലിലാണ് ഉള്ളതെന്നും എന്താണു കാര്യങ്ങളെന്നൊന്നും അറിയില്ലെന്നും അവന്‍ പറഞ്ഞു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്നാണ് ഇവിടുന്നു പറയുന്നതെന്നും ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു മുഴുമിപ്പിച്ചു.
അതിനിടെ നാട്ടിലെ പൊലിസുകാര്‍ വീണ്ടും സകരിയ്യയുടെ വീട്ടിലെത്തി. സംഭവം പുറത്തറിഞ്ഞാല്‍ മകന്റെ മോചനം സാധ്യമാകില്ലെന്നും മാധ്യമങ്ങള്‍ക്കു വിവരം നല്‍കരുതെന്നും അന്വേഷണത്തിനെന്നു പറഞ്ഞു വീട്ടിലെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ ബിയുമ്മയെ പറഞ്ഞു പേടിപ്പിച്ചു.
സകരിയ്യയുടെ ജീവിതം
കുഞ്ഞിമുഹമ്മദ്-ബിയ്യുമ്മ ദമ്പതികളുടെ നാലുമക്കളില്‍ ഇളയവനാണ് ഇപ്പോള്‍ 27കാരനായ സക്കരിയ്യ. പൊതുവേ ശാന്തപ്രകൃതക്കാരനാണ്. സക്കരിയ്യക്ക് പത്തു വയസുള്ളപ്പോള്‍ ഉപ്പ ഈ ലോകത്തോടു വിടപറഞ്ഞു. പിന്നീട് അമ്മാവന്മാരുടെ (ഉമ്മയുടെ സഹോദരങ്ങള്‍) തണലിലായിരുന്നു കുടുംബത്തിന്റെ ജീവിതം. കൂടുതല്‍ സമയവും ഉമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കര്‍ണാടക പൊലിസ് പിടിച്ചുകൊണ്ടു പോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുതിയ വീട്ടിലേക്കു വന്നത്.
പരപ്പനങ്ങാടി സ്വകാര്യ കോളജിലെ ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനത്തിനു പോയി. അവന്റെ ആഗ്രഹത്തിനു വീട്ടുകാരും തടസം നിന്നില്ല. തുടര്‍ന്നാണ് തിരൂരിലെ മൊബൈല്‍ ഷോപ്പില്‍ ജോലി തരപ്പെട്ടത്.
ഏതെങ്കിലും സംഘടനയിലോ രാഷ്ട്രീയ പാര്‍ട്ടിയിലോ അംഗമായിരുന്നില്ല സകരിയ്യ. ഒരു പാര്‍ട്ടിയുടെയും സംഘടനയുടെയും പരിപാടിക്കോ കൊടിപിടിക്കാനോ പോയിട്ടില്ല. വലിയ സുഹൃദ്‌വലയങ്ങളുമില്ല. വീടും ജോലിയും മാത്രമായി ഒതുങ്ങിക്കൂടി കഴിയുകയായിരുന്നു. രാവിലെ എട്ടിന് പരപ്പനങ്ങാടിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലേക്കു പോകും. രാത്രി എട്ടോടെ അതേ രീതിയില്‍ വീട്ടിലേക്കു മടക്കവും. പുതിയ കേസില്‍ അകപ്പെടും വരേക്കും ഒരു പെറ്റിക്കേസില്‍ പോലും പ്രതിയായിട്ടില്ല.
അഴിക്കുള്ളിലേക്ക്
സകരിയ്യയെ ജോലി ചെയ്തിരുന്ന തിരൂരിലെ മൊബൈല്‍ കടയില്‍നിന്ന് 2008 ഫെബ്രുവരി അഞ്ചിനാണ് എന്‍.ഐ.എ പിടികൂടി ജയിലിലടക്കുന്നത്. തുടര്‍ന്ന് യു.എ.പി.എ ചുമത്തുകയും ചെയ്തു. വീട്ടുകാരോടോ മറ്റോ എന്തിനാണു പിടികൂടി കൊണ്ടുപോകുന്നതെന്ന് അറിയിച്ചിരുന്നില്ല. ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറസ്റ്റ്. മാധ്യമവാര്‍ത്തകളില്‍നിന്നാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മകനെ പിടികൂടിയിരിക്കുന്നതെന്ന് ബിയ്യുമ്മയും കുടുംബവും അറിയുന്നത്.
പിന്നീട് പൊലിസുകാരുടെയും മറ്റും നിരന്തരമായ അന്വേഷണമായിരുന്നു. വീട്ടുകാരെ ഭീതിയിലാഴ്ത്തുന്ന രീതിയില്‍ അതു തുടര്‍ന്നു. തുടക്കത്തില്‍ നാട്ടിലുള്ള തീവ്രസംഘങ്ങളെ കുറിച്ചു വിവരം നല്‍കുകയാണെങ്കില്‍ വിടാമെന്നും മൊബൈല്‍ ഷോപ്പ് തുടങ്ങിത്തരാമെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അറിയാത്തകാര്യം എങ്ങനെ പറയുമെന്നാണ് സകരിയ്യ അന്ന് അവരോട് ചോദിച്ചത്. 19-ാം വയസില്‍ കാരാഗൃഹത്തില്‍ അകപ്പെട്ട സകരിയ്യയുടെ ദുരിതപൂര്‍ണമായ ഏകാന്തജീവിതം പതിറ്റാണ്ടോട് അടുക്കുന്നു. രോഗത്തിന്റെ വിഷമതകള്‍ അവനിപ്പോള്‍ അനുഭവിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ്.
കേസിന്റെ വഴി
ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുവേണ്ടി ടൈമറുകളും മൈക്രോചിപ്പുകളും കേസിലെ 12-ാം പ്രതി ശറഫുദ്ദീനുമായി ചേര്‍ന്നു നിര്‍മിച്ചുവെന്നാണ് സകരിയ്യയുടെ പേരില്‍ ആരോപിക്കുന്ന കുറ്റം. വിചാരണ തീരാത്ത കുറ്റപത്രത്തിലെ ആരോപണമാണിത്. കേസില്‍ സാക്ഷികളായുണ്ടായിരുന്ന രണ്ടുപേര്‍ തന്നെ സംഭവം വ്യാജമാണെന്നു വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ കോടതി ഇക്കാര്യം പാടേ അവഗണിച്ചു. താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നു സാക്ഷികളില്‍ ഒരാളായ ശറഫുദ്ദീനും താന്‍ സകരിയ്യയെ കണ്ടിട്ടുപോലുമില്ലെന്ന് മറ്റൊരു സാക്ഷി ഹരിദാസും വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് രേഖയിലെ മൊഴി തന്റേതല്ലെന്നും ഹരിദാസ് പറയുന്നു. സകരിയ്യക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടില്ലെന്നതാണു സത്യം. 25 ജൂലൈ 2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ എട്ടാം പ്രതിയാണ് സകരിയ്യയെന്നാണ് എന്‍.ഐ.എ ഭാഷ്യം.
ജയില്‍വാസത്തിനിടെ രണ്ടു തവണ മാത്രമാണ് സകരിയ്യക്കു ജാമ്യം ലഭിച്ചത്. സഹോദരന്‍ മുഹമ്മദ് ഷരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ആദ്യ ജാമ്യം. രണ്ടാമത് അതേ സഹോദരന്റെ ആകസ്മികമായ വിയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രണ്ടു ദിവസവും ജാമ്യം ലഭിച്ചു. 19കാരനായ കൗമാരക്കാരനു പകരം 26കാരനായ 'കുറ്റവാളിയായി' സകരിയ്യ വീട്ടിലേക്കു തിരിച്ചെത്തിയ നിമിഷം വികാരതീവ്രമായ അനുഭവമായിരുന്നു, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം.
പത്തു ദിവസം മുന്‍പ് സഹോദരന്‍ സിറാജും ബന്ധുക്കളും ബംഗളൂരുവിലെ ജയിലിലെത്തി സകരിയ്യയെ സന്ദര്‍ശിച്ചിരുന്നു. അസുഖത്താല്‍ പ്രയാസമനുഭവിക്കുന്ന ഉമ്മയ്ക്ക് അത്ര ദൂരം യാത്ര ചെയ്ത് മകനെ കാണാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
നിയമപോരാട്ടം
ആദ്യമൊക്കെ സകരിയ്യയ്ക്കു തീവ്രവാദിയെന്ന ലേബല്‍ നല്‍കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. വീടിനു സമീപത്തും അത്തരം ദുരനുഭവങ്ങളുണ്ടായി. കിട്ടിയ അവസരം മുതലെടുപ്പിനു ശ്രമിക്കുന്നവരുടെ പൊയ്മുഖം വൈകാതെ നാട് തിരിച്ചറിഞ്ഞു. തുടര്‍ന്നാണു നിഷ്‌കളങ്കനായ സകരിയ്യയുടെ മോചനത്തിനായി നാട്ടുകാര്‍ ജസ്റ്റിസ് ഫോര്‍ സകരിയ്യ എന്ന പേരില്‍ ആക്ഷന്‍ ഫോറം രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നുണ്ട്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കുറ്റം ചെയ്യാത്ത നിരപരാധികളെ തുറുങ്കിലടക്കുന്നതിനും യു.എ.പി.എ കരിനിയമത്തിനുമെതിരേയും കേസില്‍ അകപ്പെട്ടുപോയ നിരപരാധികളായി എണ്ണമറ്റ യുവാക്കളുടെ മോചനത്തിനു വേണ്ടിയും അദ്ദേഹം ശബ്ദിച്ചു. പക്ഷേ കാര്യമായ പ്രതിഫലനമുണ്ടായില്ല. രാജ്യം ഭരിക്കുന്നവര്‍ വിഷയം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായി കണ്ടു വിവിധങ്ങളായ സംഘടനകളും സകരിയ്യയുടെ മോചനത്തിനായി രംഗത്തുണ്ട്.
തീര്‍ത്തും നിരപരാധിയായ ഒരു കൗമാരക്കാരനെ ഭീകരകേസില്‍ പ്രതിയാക്കിയുള്ള അന്യായമായ പൊലിസ്‌വേട്ടയാണ് ഇവിടെ നടന്നിരിക്കുന്നത്. നീതിക്കും സത്യങ്ങള്‍ക്കും മേലുള്ള അതിക്രമവും കടന്നുകയറ്റവുമാണിത്. കേസില്‍ വിചാരണ പൂര്‍ത്തിയായി നിരപരാധിത്വം തെളിയിച്ച് അടുത്തുതന്നെ സകരിയ്യ തിരിച്ചുവരാനാണു നാടും കുടുംബവും കാത്തിരിക്കുന്നത്. അനന്തമായി തടവുജീവിതം നയിക്കുന്ന ഈ യുവാവിനു മുന്നില്‍ നീതിയുടെ വാതിലുകള്‍ തുറക്കപ്പെടുമെന്നു തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. കണ്ണീരുണങ്ങാത്ത ആ വീട്ടിലും സന്തോഷം നിറയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."