കൊച്ചി മെട്രോ പായുന്നത് വനിതാ, ഭിന്നലിംഗ ജീവനക്കാര്‍ക്ക് ദുരിതം സമ്മാനിച്ച്
കൊച്ചി: കൃത്യമായ വേതനവും സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലായ ഭിന്നലിംഗക്കാര്‍ ജോലി ഉപേക്ഷിച്ചു തുടങ്ങിയതോടെ ഉത്തരവാദിത്വം കുടുംബശ്രീയുടെ തലയില്‍ കെട്ടിവച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയിലെ ഭിന്നലിംഗക്കാരായ ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തുറന്നുപറഞ്ഞ് തീര്‍ഥ സര്‍വ്വിക എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബശ്രീയെ പ്രതിസ്ഥാനത്തുനിര്‍ത്തി കൊച്ചി മെട്രോ പ്രശ്‌നത്തില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുന്നത്.
ഭിന്നലിംഗക്കാരായ 23 പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ആദ്യം ജോലി നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടതോടെ 13 പേര്‍ ജോലി ഉപേക്ഷിച്ചുപോയി. പിന്നീട് 18 പേരെകൂടി നിയമിച്ചു. ഇതിനിടെയാണ് കഴിഞ്ഞദിവസം തീര്‍ഥയെന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മെട്രോയിലെ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളമോ മതിയായ സൗകര്യങ്ങളോ ഇല്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കൊച്ചി മെട്രോ അല്ലെന്നും പൂര്‍ണ ഉത്തരവാദിത്വം ഇവരെ ജോലിക്കെടുത്ത കുടുംബശ്രീക്ക് ആണെന്നുമാണ് മെട്രോ മാനേജ്‌മെന്റിന്റെ വാദം.
ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി അവധി പ്രഖ്യാപിച്ച കെ.എം.ആര്‍.എല്‍ അതിനായി ഒരുരൂപപോലും നല്‍കിയിട്ടില്ലെന്ന് കുടുംബശ്രീ അധികൃതര്‍ വ്യക്തമാക്കി. ഇതിനാലാണ് മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയാത്തതെന്നും കുടുംബശ്രീ അധികൃതര്‍ പറഞ്ഞു. കൊച്ചി മെട്രോയില്‍ ജോലിചെയ്യുന്ന ഭിന്നലിംഗക്കാര്‍ക്കുപുറമെ മറ്റ് വനിതാ ജീവനക്കാരും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. ആറുമാസമായി ദുരിതം തുടങ്ങിയിട്ട്. ഇത് പരിഹരിക്കാന്‍ കുടുംബശ്രീയിലെ ഉന്നതര്‍ തയാറായിട്ടില്ല.
കൊച്ചി മെട്രോയില്‍ ജീവനക്കാരെ നിയോഗിക്കാനുള്ള ചുമതല കുടുംബശ്രീക്കാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ വേതനവും അവധിയും ഉള്‍പ്പെടെയുള്ള തീരുമാനം എടുക്കേണ്ടത് കുടുംബശ്രീ ആണെന്നാണ് മെട്രോ അധികൃതര്‍ വാദിക്കുന്നത്. പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്ന നിലപാടിലാണ് മെട്രോ അധികൃതര്‍.
നഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത് രാജ്യാന്തര മാധ്യമങ്ങളിലടക്കം വന്‍ വാര്‍ത്തയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഏറെ പ്രശംസ കൊച്ചി മെട്രോ ഏറ്റുവാങ്ങുകയും ചെയ്തു. സെപ്റ്റംബറില്‍ നടന്ന ഭിന്നലിംഗക്കാരുടെ യോഗത്തില്‍ 26 ദിവസം ജോലിചെയ്താല്‍ 4 ദിവസം ശമ്പളത്തോടുകൂടിയ അവധി നല്‍കാമെന്ന് അറിയിച്ചത് കെ.എം.ആര്‍.എല്‍ എം.ഡിയായിരുന്നു. നാലുമാസം കുടുംബശ്രീ സാലറി നല്‍കുകയും ചെയ്തു.
ഈ ഇനത്തില്‍ 40 ലക്ഷം കെ.എം.ആര്‍.എല്‍ കുടുംബശ്രീക്ക് നല്‍കാനുണ്ട്. സ്വന്തം അക്കൗണ്ടില്‍ പണമില്ലാതെ വന്നതോടെയാണ് കുടുംബശ്രീക്ക് ജനുവരിയില്‍ ഈ തുക നല്‍കാനാവാതെവന്നത്. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കൊച്ചി മെട്രോ മറ്റൊരു കെ.എസ്.ആര്‍.ടി.സി ആകുമോയെന്ന ആശങ്ക ശക്തമായിരിക്കെയാണ് ജീവനക്കാരുടെ ദുരിതം പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."