ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പെരുവഴിയില്‍
കൊട്ടാരക്കര: പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും പുനര്‍നിയമനം ലഭിക്കാതെ അമ്പതോളം പേര്‍ പെരുവഴിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കുറവ്മൂലം ജോലി നഷ്ടപ്പെട്ട അമ്പതോളം അനധ്യാപകരാണ് ഇപ്പോഴും ആശങ്കയില്‍ തുടരുന്നത്.
1997 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരാണിവര്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നിവേദനവും നല്‍കിയിട്ടും യാതൊരു പരിഹാരവും കണ്ടിട്ടില്ലെന്ന് ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പറയുന്നു.
ചെറുപ്പക്കാര്‍ മുതല്‍ 48 വയസ്സുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ 2014 ജൂലൈയില്‍ റിട്രെഞ്ച്ഡ് നോണ്‍ ടീച്ചിങ് സ്റ്റാഫ് പാക്കേജ് എന്ന പേരില്‍ ഒരു പുനര്‍നിയമന പാക്കേജ് കൊണ്ടുവന്നെങ്കിലും അത് ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്. പുനര്‍ നിയമനം നല്‍കാനുള്ള നടപടി ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല.
2010 വരെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കിയിട്ടുണ്ട് ജോലി നഷ്ടപ്പെട്ട മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി അധ്യാപക പാക്കേജ് രൂപീകരിക്കുകയും ബി.ആര്‍.സി, എസ്.എസ്.എ എന്നിവിടങ്ങളില്‍ പുനര്‍ നിയമനവും നല്‍കി. തുടര്‍ന്ന് വന്ന വര്‍ഷങ്ങളിലും കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപകരെ മാതൃസ്‌കൂളില്‍ തന്നെ നിലനിര്‍ത്തി ശമ്പളം നല്‍കി വരികയുമാണ്. എന്നാല്‍ അനധ്യാപകര്‍ക്കായി യാതൊരു നടപടികളുമുണ്ടായില്ല.
സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ ഏജന്‍സികളിലും ബി.ആര്‍.സി, എസ്.എസ്.എ പോലുള്ള വകുപ്പുകളിലും താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടുപോകുന്നത്. പല ഓഫീസുകളിലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആളുകളെ കുത്തികയറ്റുന്നതായും ആരോപണമുണ്ട്. ഈ ഒഴിവുകള്‍ പരിഗണിച്ചാല്‍ റിട്രെഞ്ച്ഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പാക്കേജ് നടപ്പിലാക്കാന്‍ കഴിയും. പുതിയതായി ഭരണം തുടങ്ങിയ ഗവണ്‍മെന്റ് എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് ജോലി നഷ്ടപ്പെട്ട അനധ്യാപകരും അവരുടെ കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."