ചര്‍ച്ചുകള്‍ക്കെതിരായ ഇസ്‌റാഈല്‍ നീക്കം
തെല്‍അവീവ്: ഇസ്‌റാഈലില്‍ അപൂര്‍വ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സമൂഹം. വിശുദ്ധ നഗരമായ ജറൂസലമിലെ ക്രിസ്ത്യന്‍ സാന്നിധ്യം കുറയ്ക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ആരോപിച്ച് ഇവിടത്തെ ചരിത്രപ്രസിദ്ധമായ ചര്‍ച്ച് അടച്ചിട്ടു. 'ഹോളി സെപെല്‍ക്കെ'(വിശുദ്ധ ശവക്കല്ലറ) എന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ പള്ളിയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്.
ക്രിസ്ത്യന്‍ സമൂഹം വിശുദ്ധമായി കരുതുന്ന നഗരത്തില്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന സ്റ്റാറ്റസ്‌കോ ലംഘിച്ചതായി ചര്‍ച്ച് നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. ഇതുവരെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലുള്ള വിവേചനമാണ് ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ നടക്കുന്നതെന്നും പ്രസ്താവനയില്‍ ആരോപിച്ചു. നേരത്തെ സ്വകാര്യ കമ്പനികള്‍ക്ക് ലീസിനു നല്‍കിയിരുന്ന ചര്‍ച്ചിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ അടുത്തിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചിന്റെ സ്വത്തുക്കള്‍ക്കുമേല്‍ ടാക്‌സ് ചുമത്താനും നീക്കമുണ്ട്. ഇതാണ് ക്രിസ്ത്യന്‍ സമൂഹത്തെ ചൊടിപ്പിച്ചത്. കിഴക്കന്‍ ജറൂസലമിലെ പഴയ നഗരത്തിലാണ് ഹോളി സെപെല്‍ക്കെ ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. യേശു ക്രിസ്തു കുരിശിലേറുകയും അടക്കം ചെയ്യപ്പെടുകയും ചെയ്ത സ്ഥലമായാണ് ചര്‍ച്ചിനെ ക്രിസ്ത്യന്‍ സമൂഹം കരുതുന്നത്. ഇതാണ് ഇതിന് വിശുദ്ധ ശവക്കല്ലറ എന്നു പേരു നല്‍കാന്‍ കാരണം. ലോകത്തുതന്നെ ഏറ്റവും പ്രമുഖമായ ക്രിസ്ത്യന്‍ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇസ്‌റാഈലിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. റോമന്‍ കത്തോലിക്കര്‍, അര്‍മീനിയ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ചു. ചര്‍ച്ചുകള്‍ക്കും ക്രിസ്ത്യന്‍ സമൂഹത്തിനുമെതിരേയുള്ള വ്യവസ്ഥാപിതമായ നീക്കങ്ങളുടെ ഭാഗമാണു പുതിയ നടപടിയെന്നും ക്രിസ്തീയ സമൂഹത്തിനെതിരായ വംശീയ-വിവേചന സമീപനത്തിന്റെ ഉച്ഛസ്ഥായിയിലാണ് ഇസ്‌റാഈല്‍ അധികൃതര്‍ ഉള്ളതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."