100 കോടിയുടെ അഴിമതി ആരോപണം സഹകരണ സ്പിന്നിങ് മില്‍ എം.ഡിക്കെതിരേ അന്വേഷണം
തൊടുപുഴ: കോട്ടയം സഹകരണ സ്പിന്നിങ് മില്‍ എം.ഡിക്കെതിരേ ഉയര്‍ന്ന 100 കോടിയുടെ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനാണ് അന്വേഷണച്ചുമതല. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ മാനേജിങ് ഡയറക്ടര്‍ ബി. അരുള്‍ സെല്‍വനെതിരേ 100 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നത് സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 19ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈല്‍ ഫെഡറേഷന്‍ (ടെക്‌സ്‌ഫെഡ്) മുന്‍ എം.ഡിയും നിലവില്‍ കൊല്ലം സഹകരണ സ്പിന്നിങ് മില്‍ എം.ഡിയുമാണ് അരുള്‍ സെല്‍വന്‍. എം.ഡിയുടെ അഴിമതികള്‍ അക്കമിട്ട് നിരത്തി കോട്ടയം ജില്ലാ ടെക്‌സ്‌റ്റൈല്‍ മസ്ദൂര്‍ സംഘം ജന. സെക്രട്ടറി ശ്യാം പോള്‍ കഴിഞ്ഞ മൂന്നിന് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി നല്‍കിയിരുന്നു.
പരാതി സ്വീകരിച്ചതായും തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്നലെ പരാതിക്കാരന് മറുപടി നല്‍കി.
കോയമ്പത്തൂരിലെ അഗര്‍വാള്‍ എന്ന ഏജന്റിനെ ഇടനിലക്കാരനായി നിര്‍ത്തി 10 കോടി രൂപ വിലവരുന്ന 12 ലോഡ് കോട്ടന്‍ നൂല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവ് തുകയ്ക്ക് പാകിസ്താന് വില്‍പന നടത്തിയിട്ടുണ്ടെന്നാണ് എം.ഡിക്കെതിരായ പ്രധാന ആരോപണം.
ഈ ഇടപാടില്‍ ഏകദേശം മൂന്നുകോടി രൂപയുടെ നഷ്ടം മില്ലിന് സംഭവിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുവായ കോട്ടന്‍ നിയമപ്രകാരമുള്ള ടെണ്ടര്‍ ക്ഷണിക്കാതെ ആര്‍.വി ആന്‍ഡ് സണ്‍സ്, തേനി എന്ന സ്ഥാപനത്തില്‍നിന്ന് ഇതുവരെ 55 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയിട്ടുണ്ട്.
174 കോടിയ്ക്ക് മുകളില്‍ ഇതുവരെ നൂല്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. മില്ലില്‍ നടത്തിയ മെഷിനറി റീ ഇറക്ഷന്‍ ജോലികളില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."