കളി സ്ത്രീകളോടു വേണ്ട; പിങ്ക് പൊലിസ് പറന്നെത്തും!
മലപ്പുറം: സ്ത്രീകള്‍ക്ക് ഇനിയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ 1515 എന്ന നമ്പറില്‍ ഒരു ഫോണ്‍ കോള്‍ മതി, പിങ്ക് പൊലിസ് പറന്നെത്തും. സ്ത്രീ സുരക്ഷയുടെ കാവലായി ജില്ലയില്‍ പിങ്ക് പൊലിസ് സേവനം ഈ മാസം പ്രവര്‍ത്തനമാരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
സ്ത്രീകള്‍ക്ക് 24 മണിക്കൂറും സുരക്ഷയുടെ കാവലൊരുക്കുകയാണ് പിങ്ക് പൊലിസിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനു ജില്ലാതലത്തില്‍ പൊലിസ് നടപ്പാക്കുന്ന പദ്ധതിയാണ് പിങ്ക് പൊലിസ് പട്രോളിങ്. നിലവില്‍ എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കണ്‍ട്രോള്‍ റൂമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരും വനിതകളാണെന്നുള്ളതാണ് പ്രത്യേകത. വാഹനങ്ങളില്‍ നിരീക്ഷണ കാമറകളും ഇലക്‌ട്രോണിക് ടാബുകളും ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ടാകും. 1515 എന്ന ടോള്‍ഫ്രീ നമ്പരിലേക്കു വരുന്ന കോളുകള്‍ കണ്‍ക്രോള്‍ റൂമിലെ കംപ്യൂട്ടര്‍വഴി വാഹനങ്ങളുടെ ലൊക്കേഷനുസരിച്ച് അതാതു വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ടാബുകളിലെത്തും. വിവരം മനസിലാക്കി പിങ്ക് പട്രോളിങ് ടീം കൃത്യസ്ഥലത്തെത്തും. മലപ്പുറത്ത് പിങ്ക് പൊലിസിനായി പ്രത്യേകം കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തിക്കുക.
വിദ്യാഭാസ സ്ഥാപനങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍, കുട്ടികളും വനിതകളും തടിച്ചുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിങ്ങ് നടത്തുക, പൂവാല ശല്യം തടയുക, ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന കുട്ടികളെ നിരീക്ഷിച്ചു നടപടിയെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി ഉപയോഗത്തെ സംബന്ധിച്ചു വിവരം ശേഖരിക്കുക തുടങ്ങിയവയും പിങ്ക് പൊലിസിന്റെ പ്രധാന ചുമതലകളാണ്. പൊലിസ് സ്റ്റേഷനില്‍ കയറി പരാതി പറയാന്‍ മടിയുള്ള വനിതകള്‍ക്കും ഇനി പിങ്ക് പൊലിസിന്റെ സഹായം തേടാം. റോഡിലോ മറ്റോ ഒറ്റപ്പെടുന്ന അവസ്ഥയിലും പിങ്ക് പൊലിസ് നിങ്ങളെ സഹായിക്കാനെത്തും.
വനിതാ ദിനത്തില്‍
വനിതകളുടെ
കൂട്ടയോട്ടം
മലപ്പുറം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഏഴിനു രാത്രി 11നു ജില്ലാ പൊലിസ് കോട്ടക്കല്‍ ആര്യവൈദ്യശാല ഒ.പി ബ്ലോക്കിനു സമീപം വനിതാ വാക്ക് ആന്‍ഡ് റണ്‍ നടത്തും. 'സ്ത്രീ സുരക്ഷിതയാണ് ' എന്ന സന്ദേശമുയര്‍ത്തിയുള്ള കൂട്ടയോട്ടം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഫ്‌ളാഗ് ഓഫ് ചെയ്യും.
വിജിലന്‍സ് ഉത്തരമേഖലാ എസ്.പി ഉമാ ബെഹ്‌റയാണ് വാക്ക് ആന്‍ഡ് റണ്‍ നയിക്കുക. തുടര്‍ന്നു വനിതാ സംഗമത്തോടെ സമാപിക്കും. ആസ്റ്റര്‍ മിംസ്, പൊലിസ് സഹകരണ സംഘം, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."