പരീക്ഷയെ പേടിക്കേണ്ടതില്ലെന്ന് സാക്ഷരതാ അവാര്‍ഡ് ജേതാവ് കൈസുമ്മ
അരീക്കോട്: 'കുട്ട്യാളെ ഞാന്‍ പഠിച്ചീലെ. ഇങ്ങളും പഠിച്ചോളീ...'-ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്ന ജില്ലയിലെ 79,703 വിദ്യാര്‍ഥികള്‍ക്കു ധൈര്യം പകരുകയാണ് കിഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ ആലുംകണ്ടി കദീശുമ്മു എന്ന 84കാരി കൈസുമ്മ.
2009ലാണ് കൈസുമ്മ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍നിന്നു സാക്ഷരതാ അവാര്‍ഡ് ഏറ്റ്ുവാങ്ങിയത്. 'ന്റെ കുട്ടിക്കാലത്ത് പഠിച്ചോളണം ന്നൊന്നും ഇല്ല, നാരങ്ങപാല്‍ ചൂണ്ടക്ക് രണ്ട്, ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ... ഇങ്ങനെ പാട്ടുംപാടി കളിക്കണെ കാലല്ലേ. ന്നാലും പള്ളിക്കൂടത്തില്‍ മുടങ്ങാതെ ഞാന്‍ പോകും. ഖുര്‍ആനോത്ത് നല്ലോണം അങ്ങട്ട് പഠിച്ചു. അതോണ്ട് പടച്ചോന്‍ ഇന്റെ രണ്ടു കണ്ണിനും ഈ വയസാന്‍ കാലത്തും നല്ല കാഴ്ച തന്നു.....' കുട്ടിക്കാലത്തെ കളിയും ചിരിയും പഠനവും വരുന്നവര്‍ക്കൊക്കെ കൈസുമ്മത്താത്ത പറഞ്ഞുകൊടുക്കും.
1990ല്‍ വീടിന്റെ കോലായില്‍ ഖുര്‍ആനും പിടിച്ചിരിക്കുന്ന നേരം. സമീപത്തെ വിദ്യാലയത്തിലെ കുട്ടികള്‍ വന്ന് ഉമ്മാന്റെ കൈ പിടിച്ചൊരു ചോദ്യം: 'ഇങ്ങള്‍ക്കു പഠിക്കണ്ടേ..'. 'വയസത്തിയായ ഞാന്‍ ഇഞ്ഞി എങ്ങനെ പഠിച്ചാനാ കുട്ട്യളെ' എന്നു ചോദിച്ചെങ്കിലും സാക്ഷരതാ വിദ്യാഭ്യാസത്തെ കുറിച്ചറിഞ്ഞ കൈസുമ്മ രണ്ടും കല്‍പിച്ച് ഇറങ്ങി. ഇന്നു കദീശുമ്മ എഴുതാത്ത അക്ഷരങ്ങളില്ല. കണ്ടാല്‍ വായിക്കാത്ത വരികളില്ല!.
പരീക്ഷയ്ക്കിരിക്കുന്നവരോടു കൈസുമ്മയ്ക്കു പറയാനുള്ളത് ഇതാണ്-'കാലം മാറി. പഠിച്ചില്ലെങ്കില്‍ ആരും ഇങ്ങളെ ഒരു ബെലിം ബെക്കൂല. വിവരം ഇല്ലാത്തോര് സമൂഹത്തില്‍ ഒറ്റക്കാകും. ഇങ്ങളും പഠിക്കണം. മലപ്പുറം ജില്ല ഇനീം മുന്നോക്കം പോണം. നല്ല മനസുംകൊണ്ട് പോയി നല്ലോണം എഴുതിക്കോളീ...'. പരേതനായ ഏറാന്‍തൊടി ബീരാന്‍കുട്ടിയാണ് കദീശുമ്മയുടെ ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."