മഴക്കാല പൂര്‍വ ശുചീകരണം തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ്തല യോഗങ്ങള്‍ ജൂണ്‍ അഞ്ചിനകം ചേരണം. ജനപ്രതിനിധികള്‍ക്ക് പുറമേ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് നാശനഷ്ടങ്ങളോ മറ്റപകടങ്ങളോ ഉണ്ടായാല്‍ 24 മണിക്കൂറിനകം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും അടിയന്തര സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഗൗരവമേറിയ അപകടങ്ങളില്‍ 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ച്ചയക്കുള്ളില്‍ സഹായധനവും ആശ്വാസങ്ങളും എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
കാലവര്‍ഷക്കെടുതി നേരിടാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വനം മന്ത്രി കെ രാജു ആവശ്യപ്പെട്ടു.
യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ പഞ്ചായത്തിനും 25000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ നിയമപ്രകാരം എടുക്കേണ്ട നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ, സിറ്റി പൊലിസ് കമ്മീഷണര്‍ പി പ്രകാശ്, റൂറല്‍ എസ് പി അജിതാ ബീഗം, എ.ഡി.എം പി.എസ് സ്വര്‍ണ്ണമ്മ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓരോ പഞ്ചായത്തിലും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകനം 15ന് നടത്തുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."