സിറിയയില്‍ രൂക്ഷമായ ആക്രമണം; ഗൂഥയെ മൂന്നായി വിഭജിച്ചു
ഡമസ്കസ്: കിഴക്കന്‍ ഗൂഥയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യത്തിന്റെ രൂക്ഷമായ ആക്രമണം. ഹെലികോപ്റ്ററുകള്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്ന് ബ്രിട്ടന് അടിസ്ഥാനമാക്കിയുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പറഞ്ഞു.
അതിന്നിടെ കിഴക്കന്‍ ഗൂഥയിലെ പ്രധാന നഗരം വിമതരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു. കിഴക്കന്‍ ഡമസ്കസില്‍ നിന്ന് പത്ത് കി.മീ അകലെയുള്ള മെസ്റബ് നഗരമാണ് ഇന്നലെ പിടിച്ചെടുത്തതെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു.
കൂടാതെ കിഴക്കന്‍ ഗൂഥയെ സൈന്യം മൂന്നായി വിഭജിച്ചു. ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിലെ സിറിയന്‍ സൈന്യത്തിന്റെ നിര്‍ണായക പുരോഗതിയാണിത്.
സമീപ പ്രദേശമായ ദൗമ, പടിഞ്ഞാര്‍ ഭാഗത്തെ ഹരസ്ത, അവശേഷിക്കുന്ന തെക്കന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. പ്രദേശങ്ങളെ ഭിന്നിപ്പിച്ച് വിമത പ്രദേശങ്ങള്‍ പൂര്‍ണമായി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. കിഴക്കന്‍ ഗൂഥയുടെ മധ്യഭാഗത്ത് രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുകയാണെന്ന് സിറിയന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമതരുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ സൈന്യത്തിന്റെ വെടിവയ്പ് ശക്തമാക്കി. ഫെബ്രുവരി 25 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 976 പേര് കൊല്ലപ്പെട്ടുവെന്ന് സന്നദ്ധ സംഘടന അറിയിച്ചു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ മാത്രമായി 14 സ്ത്രീകളും പത്ത് കുട്ടികളും ഉള്‍പ്പെടെ 49 പേര് കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരുക്കേറ്റുവെന്ന് അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി പറഞ്ഞു. ശക്തമായ ആക്രമണങ്ങള്‍ തുടരുന്നതിന്നാല്‍ ദൗത്യ സംഘങ്ങളുടെ സഹായ വിതരണം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."