കേസ് തീര്‍പ്പാക്കിയ സുപ്രിം കോടതിക്ക് 10 വയസുകാരന്റെ ആശംസാ കാര്‍ഡ്
ന്യൂഡല്‍ഹി: ഏഴുവര്‍ഷം നീണ്ടുനിന്ന മാതാപിതാക്കളുടെ കേസ് ഒത്തുതീര്‍പ്പാക്കിയ കോടതിക്ക് പത്തുവയസുകാരന്റെ ആശംസാ കാര്‍ഡ്. കഴിഞ്ഞ ദിവസമാണ് കോടതി അത്യപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. 2011 മുതല്‍ വിവാഹമോചനത്തിന് ശ്രമിക്കുന്ന പ്രദീപ് ഭണ്ഡാരിയും ഭാര്യ അനുവും തമ്മിലുള്ള കേസാണ് ഒത്തുതീര്‍പ്പായത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി, ചണ്ഡിഗഡ് മജിസ്‌ട്രേറ്റ് കോടതി, കുടുംബ കോടതി എന്നിവിടങ്ങളിലായിരുന്നു നേരത്തെ കേസുണ്ടായിരുന്നത്. ഇവിടെ നിന്ന് പരിഹാരമുണ്ടാകാത്തതിനെതുടര്‍ന്നാണ് കേസ് സുപ്രിം കോടതിയില്‍ എത്തിയത്. 23 കേസുകളാണ് സുപ്രിംകോടതി ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മോഹന്‍ എം.ശാന്തനഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് പരിഗണിച്ചത്. ഇതിന് നന്ദി അറിയിച്ചാണ് ദമ്പതികളുടെ മകന്‍ വിഭു കോടതിയ്ക്ക് ആശംസാകാര്‍ഡ് അയച്ചത്. ഇത്തരമൊരു സംഭവം സുപ്രിം കോടതിയില്‍ ആദ്യമെന്നാണ് ജസ്റ്റിസ്‌കുര്യന്‍ ജോസഫിന്റെ പ്രതികരണം.
'നിങ്ങളുടെ എല്ലാ കാര്യത്തിലും ദൈവത്തിനു നല്‍കാന്‍ എന്തെങ്കിലുമുണ്ടാകും; പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം, നിഴലിനൊരു വെളിച്ചം, വേദനയ്ക്ക് ആശ്വാസം, നാളേയ്‌ക്കൊരു പദ്ധതി, അനുസരണയോടെ': വിഭു. ഈ വരികള്‍ കുറിച്ച് സ്വയം രൂപകല്‍പന ചെയ്ത ആശംസ കാര്‍ഡാണ് വിഭു ഉന്നത നീതിപീഠത്തിനു സമര്‍പ്പിച്ചത്. പരസ്പരം ഒന്നിച്ചു പോകാന്‍ കഴിയില്ലെന്നു തീര്‍ത്തു പറഞ്ഞ ഇവരുടെ ബന്ധം ഉഭയസമ്മതത്തോടെ പിരിയുന്നതിന് കോടതി അനുമതി നല്‍കി. എല്ലാ കേസുകളും അവസാനിപ്പിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കോടതിക്ക് ആശംസ കാര്‍ഡ് കൈമാറിയ വിഭു മറ്റൊരാഗ്രഹം കൂടി പറഞ്ഞു; ജഡ്ജിക്കൊപ്പം നിന്നൊരു ഫോട്ടോ എടുക്കണം. വിഭുവിനെ ചേര്‍ത്തു നിര്‍ത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആ ചിത്രത്തിനു മുന്നില്‍ പുഞ്ചിരിച്ചു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."