സി.പി.എം കൊലപാതകം സ്ഥിരംതൊഴിലാക്കിയ പാര്‍ട്ടി: കെ.കെ രമ
ചെറുതുരുത്തി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാറാട് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും നാലുകൊല്ലത്തിനുള്ളില്‍ ഇരുന്നൂറില്‍പരം ദിവസങ്ങള്‍ പരോളില്‍ പുറത്തിറങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയും ചെയ്ത കുഞ്ഞനന്തനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താക്കളെന്ന് ആര്‍.എം.പി ദേശീയ കമ്മിറ്റി അംഗം കെ.കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതുരുത്തിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വര്‍ത്തമാന കാലഘട്ടത്തില്‍ ജനാധിപത്യ കേരളത്തിന് ആവശ്യം മനുഷ്യമുഖമുള്ള ഭരണാധികാരികളെയാണ്. ആഭ്യന്തര മന്ത്രാലയം ചട്ടങ്ങളെയും നിയമങ്ങളെയും സി.പി.എമ്മിന് തീറെഴുതി കൊടുത്തിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കുഞ്ഞനന്തന് വേണ്ടിയുള്ള വഴിവിട്ട പ്രവര്‍ത്തനമെന്നും രമ പറഞ്ഞു. ആര്‍.എം.പിയെ ജനാധിപത്യ രീതിയില്‍നേരിടാതെ അക്രമം കൊണ്ട് നേരിടുന്നത് സി.പി.എമ്മിന്റെ പരാജയത്തിന് തെളിവാണെന്നും അവര്‍ കുറ്റപ്പെടുത്തി.
റംഷാദ് പള്ളം അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ അബ്ദുല്‍കരീം, കെ.എസ് ഹംസ, ബിലാല്‍ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."