എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡും സതാംപ്ടനും സെമിയില്‍
ലണ്ടന്‍: ബ്രൈറ്റന്‍ ഹോവ് ആല്‍ബിയോണിനെ കീഴടക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡും വിഗാന്‍ അത്‌ലറ്റിക്കിനെ പരാജയപ്പെടുത്തി സതാംപ്ടനും ഇംഗ്ലീഷ് എഫ്.എ കപ്പിന്റെ സെമിയിലേക്ക് കടന്നു. ഇരു ടീമുകളും മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.
കളിയുടെ 37ാം മിനുട്ടില്‍ റൊമേലു ലുകാകു, 83ാം മിനുട്ടില്‍ നെമഞ്ച മാറ്റിക്ക് എന്നിവരുടെ ഗോളുകളാണ് മാഞ്ചസ്റ്ററിന് വിജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ ഹോബ്ജര്‍ഗ്, സെഡ്രിക്ക് സോറസ് എന്നിവര്‍ നേടിയ ഗോളിലാണ് സതാംപ്ടന്‍ വിജയിച്ചത്.
ബാഴ്‌സലോണയ്ക്ക് വിജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് വിജയം. സ്വന്തം തട്ടകത്തില്‍ അവര്‍ 2-0ത്തിന് അത്‌ലറ്റിക്ക് ബില്‍ബാവോയെ വീഴ്ത്തി. അല്‍ക്കാസര്‍, മെസ്സി എന്നിവരാണ് ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചത്.
അതേസമയം സെവിയ്യയെ ലെഗാനസ് 2-1ന് അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസ് 3-0ത്തിന് എസ്പാന്യോളിനെ വീഴ്ത്തി.
സീരി എയില്‍ പോര് മുറുകുന്നു
മിലാന്‍: ഇറ്റലിയില്‍ കിരീട പോര് മുറുകുന്നു. നാപോളിയെ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച നിലവിലെ ചാംപ്യന്‍മാരായ യുവന്റസിന് അപ്രതീക്ഷിത സമനില. എസ്.പി.എ.എല്ലിനെ നേരിട്ട അവര്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നാപോളിയേക്കാള്‍ നാല് പോയിന്റിന്റെ കൃത്യമായ ലീഡില്‍ 29ാം പോരിനിറങ്ങിയ യുവന്റസിന് സമനില ഒരു പക്ഷേ തിരിച്ചടിയായി മാറാനുള്ള സാധ്യത നിലനില്‍ക്കുന്നു.
നാപോളി അടുത്ത മത്സരം വിജയിച്ചാല്‍ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറയും. എങ്കിലും ഒന്നാം സ്ഥാനത്ത് യുവന്റസ് തന്നെ തുടരും. മറ്റ് മത്സരങ്ങളില്‍ മിലാന്‍ ടീമുകളും റോമയും വിജയിച്ചു. ഇന്റര്‍ മിലാന്‍ എവേ പോരാട്ടത്തില്‍ 5-0ത്തിന് സംപ്‌ഡോറിയയെ തകര്‍ത്തപ്പോള്‍ എ.സി മിലാന്‍ ഇഞ്ചോടിഞ്ച് പൊരുതി ചീവോയെ 3-2ന് വീഴ്ത്തി. റോമ 2-0ത്തിന് ക്രോടോണിനെ പരാജയപ്പെടുത്തി.
ആല്‍വസിന്റെ ഗോളില്‍ പി.എസ്.ജി
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് വിജയം. എവേ പോരാട്ടത്തില്‍ അവര്‍ കരുത്തരായ നീസിനെ 1-2ന് വീഴ്ത്തി. എയ്ഞ്ചല്‍ ഡി മരിയ, ഡാനി ആല്‍വസ് എന്നിവര്‍ നേടിയ ഗോളിലാണ് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം പി.എസ്.ജിക്ക് വിജയം പിടിച്ചത്. ജയത്തോടെ പി.എസ്.ജിക്ക് 83 പോയിന്റുകള്‍. രണ്ടാമതുള്ള നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോയ്ക്ക് 66 പോയിന്റുകള്‍.
ബൊറൂസിയക്ക് ജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്, കൊളോണ്‍ ടീമുകള്‍ക്ക് വിജയം. ബൊറൂസിയ സ്വന്തം തട്ടകത്തില്‍ ഹന്നോവറിനെ 1-0ത്തിന് പരാജയപ്പെടുത്തി. ബയര്‍ ലെവര്‍കൂസനെ 2-0ത്തിന് കീഴടക്കിയാണ് കൊളോണ്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."