സഹപ്രവര്ത്തകന് കൈത്താങ്ങാകാന്‍ ബസുകളുടെ കാരുണ്യ സര്‍വിസ്
സുല്‍ത്താന്‍ ബത്തേരി: വാഹനപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹപ്രവര്ത്തകന് കൈത്താങ്ങായി സ്വകാര്യബസ് ഉടമകളും തൊഴിലാളികളും. ചികിത്സാ സഹയം സ്വരൂപിക്കുന്നതിനായി ഒരു ദിവസത്തെ വേതനവും കലക്ഷനും നല്‍കിയാണ് ഇവരുടെ കാരുണ്യ സര്‍വീസ്.
കഴിഞ്ഞദിവസം പാട്ടവയല്‍ റൂട്ടില്‍ നടന്ന വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാകാര്യബസ് ജീവനക്കാരാനായ രഞ്ജിത്തിന്റെ ചികിത്സക്കായാണ് സഹപ്രവര്‍ത്തകര്‍ കൈകോര്‍ത്തത്. ബത്തേരി മേഖലയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന ബസും ബത്തേരി-നമ്പ്യാര്‍കുന്ന്, ബത്തേരി -കല്ലൂര്‍ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസ് ഉടമകളും തൊഴിലാളികളുമാണ് കാരുണ്യ സര്‍വിസില്‍ പങ്കാളികളായത്. ഇന്നലെ സര്‍വിസിലൂടെ ലഭിച്ച മുഴുവന്‍ കളക്ഷനും രജ്ഞിത്തിന്റെ ചികിത്സക്കായി നല്‍കും. തിങ്കളാഴ്ച രാത്രി നമ്പികൊല്ലിയില്‍ വെച്ചാണ് രജ്ഞിത് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. കാരുണ്യ സര്‍വിസിന്റെ ഉദ്ഘാടനം സു.ബത്തേരി എം.വി.ഐ പ്രകാശ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."