പാലത്തിനായി അര്‍ജുന്‍ നീന്തിക്കൊണ്ടേയിരിക്കും
സ്വന്തം ലേഖകന്‍
പൂച്ചാക്കല്‍ (ആലപ്പുഴ): സ്വന്തം നാടിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അതിശക്തമായ കാറ്റും മഴയും വകവയ്ക്കാതെ അര്‍ജുന്‍ സന്തോഷ് കഴിഞ്ഞ ദിവസം വേമ്പനാട്ട് കായല്‍ നീന്തിക്കടന്നാണ് സ്‌കൂളിലെത്തിയത്. പെരുമ്പളം വാത്തിക്കാട് ജെട്ടിയില്‍ നിന്നും പൂത്തോട്ടയിലേക്ക് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുന്‍ സന്തോഷ് കായല്‍ നീന്തിക്കടന്നത്. പൂത്തോട്ട കെ.പി.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് അര്‍ജുന്‍.
പെരുമ്പളം ഭീമസേന കൂട്ടായ്മയുടെ സഹകരണത്തോടെയാണ് നീന്തല്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പെരുമ്പളം വാത്തിക്കാട് ജെട്ടിയില്‍ നിന്നാണ് അതിസാഹസികമായ നീന്തല്‍ തുടങ്ങിയത്. പിതാവില്‍ നിന്നും ലഭിച്ച ആത്മധൈര്യം കൈമുതലാക്കിയ അര്‍ജുന്‍ മാതാവിന്റെ ആശിര്‍വാദത്തോടെ വേമ്പനാട്ട് കായല്‍ തീരത്ത് എത്തിയപ്പോള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകളാണ് നീന്തല്‍ കാണാന്‍ വാത്തിക്കാട് ജെട്ടിയില്‍ തടിച്ചുകൂടിയത്. പെരുമ്പളം പഞ്ചായത്ത് പ്രസിഡണ്ട് ഷിബു ഫ്‌ളാഗ് ഓഫ് ചെയ്ത് നീന്തല്‍ ആരംഭിച്ചപ്പോള്‍ അതിശക്തമായ കാറ്റും മഴയുമായിരുന്നു. ദ്വീപിലെ സ്ത്രീകളടക്കമുള്ള ഒട്ടേറെ പേര്‍ നീന്തല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചെറു വള്ളങ്ങളില്‍ അര്‍ജുനനെ പൂത്തോട്ട വരെ അനുഗമിച്ചു.
ആഴമേറിയ കായലിലെ ഓളങ്ങളെയും അടിയൊഴുക്കുകളെയുംഅവഗണിച്ചുകൊണ്ട് ഒന്നര കിലോമീറ്റര്‍ നീന്തി പൂത്തോട്ട കരയിലെത്തിയ അര്‍ജുനനെ നിരവധി പേരാണ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചത്. നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി യൂനിഫോം ധരിച്ച് പിതാവിനോടൊപ്പം അര്‍ജുന്‍ സ്‌കൂളിലെത്തി. കൈകാലുകള്‍ ബന്ധിച്ച് 15 കിലോമീറ്ററിലേറെ നീന്തി ജനശ്രദ്ധ നേടിയ പി.ജി.സന്തോഷിന്റെ മകനാണ് അര്‍ജുന്‍. സ്ഥിരമായി രാവിലെ സ്‌കൂളിലേക്ക് നീന്തുവാനാണ് പരിപാടി. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് കായല്‍ നീന്തിക്കടക്കുന്നത്. 2006ല്‍ കായല്‍ മലിനീകരണത്തിനെതിരേ പാണാവള്ളിയിലെ കൊല്ലന്‍ കൂമ്പില്‍ നിന്നും പെരുമ്പളം വരെ അര്‍ജുന്‍ നീന്തിയിരുന്നു. ദ്വീപില്‍ 15000ലധികം ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവര്‍ക്ക് മറുകര എത്താന്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും പഞ്ചായത്ത് നടത്തുന്ന ജങ്കാറുമാണുള്ളത്. ഇവ പലപ്പോഴും ഇല്ലാത്ത അവസ്ഥയാണ്. പെരുമ്പളം ദ്വീപുമായി ബന്ധിപ്പിച്ച് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ദ്വീപ് നിവാസികള്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തവണയെങ്കിലും പാലം നിര്‍മിച്ച് കിട്ടുന്നതിനായി അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് പതിനാലുകാരന്‍ കായല്‍ നീന്തിക്കടക്കുന്നത്. പാലം നിര്‍മിക്കുന്നത് സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഈ അധ്യായന വര്‍ഷം മുഴുവന്‍ കായല്‍ നീന്തിക്കടന്ന് സ്‌കൂളില്‍ പോകാനാണ് അര്‍ജുന്റെ പരിപാടി. കായല്‍ നീന്തിക്കടന്ന് പൂത്തോട്ടയിലെത്തിയ അര്‍ജുനനെ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍ ജേക്കബ്, പഞ്ചായത്ത് മെമ്പര്‍ ജയാ കേശവദാസ് എന്നിവര്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."