അറിവാണ് സമൂഹത്തിന് ഔന്നത്യം പകരുന്നത്: ഹൈദരലി ശിഹാബ് തങ്ങള്‍
വളാഞ്ചേരി: അറിവാണ് സമൂഹത്തിന് ഔന്നത്യം പകരുന്നതെന്നും ബൗദ്ധിക മാത്സര്യത്തിന്റെ ലോകത്ത് വാഫി സംവിധാനത്തിന്റെ വൈജ്ഞാനിക മുന്നേറ്റം ആശാവഹമാണെന്നും സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളില്‍ ഈ വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വാഫി നവാഗതസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവാഗതരായ 1131 വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥന ചൊല്ലിക്കൊടുത്ത് പുതിയ അധ്യയന വര്‍ഷത്തെ പഠനത്തിന് ഔപചാരിക ആരംഭം കുറിച്ചു. സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയരക്ടര്‍ സെയ്ദ് മുഹമ്മദ് നിസാമി ആമുഖഭാഷണം നടത്തി. സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സി.ഐ.സി ഏകീകൃത പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ശാഹിദിന് പുരസ്‌കാരം നല്‍കി.
തുടര്‍ന്നു നടന്ന 'യെസ് വി കാന്‍, സര്‍ഗമേഘം, പൈതൃകം, വിരാമം' സെഷനുകള്‍ക്ക് നിസാം പാവറട്ടി, സിദ്ദീഖലി രാങ്ങാട്ടൂര്‍, അഹ്മദ് ഫൈസി വാഫി കക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് തിരൂര്‍ മണ്ഡലം സെക്രട്ടറി മുഹമ്മദലി കാട്ടിലങ്ങാടി, ഹമീദ് വാഫി കുരുവമ്പലം സംസാരിച്ചു. ഫുആദ് അന്‍വര്‍, അബ്ദുല്ല സലിം, ഫര്‍സീന്‍ എന്നിവര്‍ വാഫിഗീതം ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."