ജിഷാ വധം: പുതിയ രേഖാചിത്രം പുറത്തുവിട്ടു
കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകനെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലിസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെതാണ് പുതിയ രേഖാചിത്രം.
ഉദ്ദേശം അഞ്ചടി ഏഴിഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയ ആളുടെ ചിത്രമാണ് പുതിയ അന്വേഷണസംഘം പുറത്തുവിട്ടത്. ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കില്‍ എറണാകുളം റൂറല്‍ എസ്.പി 9497996979, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി 9497990078, കുറുപ്പംപടി എസ്.ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലിസ് വ്യക്തമാക്കി. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനു സമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 30-40 വയസ് തോന്നിക്കുന്ന ആളുടേതാണ്. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട ഇയാളെക്കുറിച്ച് വിവരം നല്‍കിയത് അന്നു കാവിലെത്തിയ ചില വിദ്യാര്‍ഥികളാണ്. പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നു കരുതുന്നയാളുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."