പേടിക്കണം, സഹാറ മരുഭൂമി വികസിക്കുന്നുവെന്ന് പഠനം
ഖാര്‍ത്തൂം: ലോകത്തെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറ വിസ്തൃതമായിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. 1920 മുതല്‍ ഇതുവരെയായി മരുഭൂമി 10 ശതമാനത്തോളം വികസിച്ചതായി ശാസ്ത്രസംഘം അറിയിച്ചു. സമാനമായി മറ്റു മരുഭൂമികളും വികസിക്കുന്നതായി സംഘം സൂചന നല്‍കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അപകടകരമായ മുഖമാണ് ശാസ്ത്രസംഘം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ആഫ്രിക്കന്‍ വന്‍കരയില്‍ നീണ്ടുകിടക്കുന്ന മരുഭൂമി സുദാനിലെയും ചാഢിലെയും ഉഷ്ണഭൂപ്രദേശങ്ങളിലേക്കു പടരുന്നതായാണു പുതിയ പഠനം നിരീക്ഷിക്കുന്നത്. ഒരുകാലത്ത് വ്യാപകമായി കൃഷി ചെയ്തിരുന്ന ഭൂമിയാണ് ഇപ്പോള്‍ തരിശായി സഹാറാ മരുഭൂമിയിലേക്കു പടരുന്നത്. എന്നാല്‍, സഹാറ വികസിക്കുന്നതു മാത്രമല്ല, ആഫ്രിക്കയില്‍ നന്നായി മഴ ലഭിക്കുന്ന വര്‍ഷക്കാലത്താണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നതെന്നതു പേടിപ്പെടുത്തുന്നതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഉപരിതല, സമുദ്രശാസ്ത്ര വകുപ്പില്‍ പ്രൊഫസറായ സുമന്ത് നിഗത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു പുതിയ പഠനം തയാറാക്കിയത്. ചുഴലിക്കാറ്റോ ഭൂകമ്പമോ പോലെ പെട്ടെന്നു സംഭവിക്കുന്ന ദുരന്തമല്ലാത്തതിനാല്‍ ഈ അപകടകരമായ പ്രതിഭാസം ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞു നടപടി കൈക്കൊള്ളാന്‍ ഏറെക്കാലമെടുക്കുമെന്നും ഇത് പതുക്കെ ഇഴഞ്ഞിഴഞ്ഞു പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സുമന്ത് പറഞ്ഞു.
കാലാവസ്ഥാ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജേണലായ 'ജേണല്‍ ഓഫ് ക്ലൈമറ്റ് ' ആണ് പഠനം പ്രസിദ്ധീകരിച്ചത്. തങ്ങളുടെ പഠനം സഹാറാ മരുഭൂമിയെ കുറിച്ചു മാത്രമാണു നടന്നതെന്നും മറ്റു മരുഭൂമികള്‍ക്കും ഇതേ അവസ്ഥ സംഭവിക്കാനിടയുണ്ടെന്നും ഗവേഷകസംഘം സൂചിപ്പിച്ചു. 1920 മുതല്‍ 2013 വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണു ഗവേഷകസംഘം പഠനം നടത്തിയത്. അവസാന മൂന്നു പതിറ്റാണ്ടുകളിലെ സ്ഥിതി പരിശോധിക്കാനായി സാറ്റലൈറ്റ് വിവരങ്ങളെയും ആശ്രയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."