എല്ലാ സ്കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി
ചേവായൂര്‍: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജൂണ്‍ മാസത്തോടെ എല്ലാ സ്കൂളുകളും ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിസം പദ്ധതി പ്രകാരം അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മുപ്പതിനായിരം ക്ലാസ്മുറികള് ഹൈടെക് ആക്കിമാറ്റിയെന്നും ജൂണ്‍ മാസത്തോടെ അവശേഷിക്കുന്നതുകൂടി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളിലെല്ലാം പൊതുവിദ്യാഭ്യാസം തകര്‍ച്ച നേരിടുമ്പോള്‍ കേരളത്തില്‍ ശക്തിപ്പെടുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്.
വരുന്ന ഒരു വര്‍ഷത്തില്‍ 12.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങള്‍ക്കായി ഓരോ മണ്ഡലത്തിലും നടക്കുക. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആവും. പഠനരീതി ഡിജിറ്റല്‍ കണ്ടന്റ് ആക്കുന്നതിനുളള സംവിധാനം ജൂണ്‍ ഒന്നിന് മുമ്പ് പൂര്‍ത്തിയാവും. വിദ്യാലയാന്തരീക്ഷം, ലഹരിവിരുദ്ധമാക്കുന്നതിനായി രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പുതിയ വര്‍ഷത്തില്‍ 1.45ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളില്‍ നിന്ന് പൊതുവിദ്യാലയത്തിലേക്ക് മാറിയത്. ജി.ഡി.പിയുടെ ആറ് ശതമാനം പൊതു വിദ്യാഭ്യാസത്തിന് വേണ്ടി നിക്ഷേപിക്കാനൊരുങ്ങുകയാണ് സര്ക്കാറെന്നുംമന്ത്രി പറഞ്ഞു.പ്രിസം പദ്ധതിയിലൂടെ പുതിയ 20ഡിവിഷനുകളും മൂന്ന് അധിക തസ്തികകളും കാംപസ് സ്കൂളിന് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.സ്കൂള്‍ വികസനത്തിനായി 5.39കോടി അനുവദിച്ചു.എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം രാധാകൃഷ്ണന്,കൗണ്‍സിലര്‍ ഷെറീന വിജയന്,പി.ടി.എ പ്രസിഡന്റ് സിഎം ജംഷീര്‍,മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിആര്‍ രാജേന്ദ്രന്,ഡി.ഇ.ഒ സജിത്ത് കുമാര്‍ എം. പി.ടി.എ പ്രസിഡന്റ് സബിത, ആശാ ജോസ്,സതീശന് വികെ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."