അനിശ്ചിതത്വത്തിന്റെ ട്രാക്കില്‍
കോഴിക്കോട്: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പല പദ്ധതികളും അനിശ്ചിതത്വത്തിലായേക്കും. ഇതില്‍ പല പദ്ധതികളും പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവും ഖജനാവ് കാലിയാക്കുന്ന തരത്തില്‍ കോടികള്‍ വേണമെന്നുള്ള ആശങ്കയുമാണ് ഈ പദ്ധതികളില്‍ പലതും പാളം തെറ്റാന്‍ കാരണം.
പഴയ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ലൈറ്റ് മെട്രോ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനവും തല്‍ക്കാലം ആലോചിക്കാന്‍ പോലും കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഏറെ കൊട്ടിഘോഷിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ലൈറ്റ് മെട്രോയുടെ നിര്‍മാണോദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിച്ചത്. എന്നാല്‍ പദ്ധതി പ്രഖ്യാപനം നടത്തിയതല്ലാതെ മറ്റൊന്നും തന്നെ ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കപ്പെട്ടില്ല. കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സിയുടെ കീഴില്‍ മെട്രോ റെയില്‍ എന്ന പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കോഴിക്കോട്ടെ സ്ഥലമെടുപ്പ്, ടെന്‍ഡര്‍ ഡോക്യുമെന്റ് തയ്യാറാക്കല്‍, റോഡ് വീതി കൂട്ടല്‍, ഫ്‌ളൈഓവര്‍, സബര്‍ബ് നിര്‍മാണം തുടങ്ങിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 2,509 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരുന്നത്. മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.33 കിലോ മീറ്റര്‍ പാതയിലൂടെ രണ്ട് കോച്ചുള്ള ട്രെയിന്‍ ഓടിക്കുകയായിരുന്നു പദ്ധതി.
എന്നാല്‍ കേന്ദ്രാനുമതി കാത്ത് കിടക്കുന്ന പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകണമോ എന്ന് തീരുമാനിക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സുപ്രഭാതത്തോടു പറഞ്ഞു. ഡി.എം.ആര്‍.സി 6,500 കോടി രൂപയാണു പദ്ധതിച്ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും ഇത് 10,000 കോടിയെങ്കിലുമാകുമെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ നിഗമനം.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ബോര്‍ഡ് വാദിക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ ഡി.എം.ആര്‍.സി നല്‍കിയ പദ്ധതി രൂപരേഖക്കു ധനവകുപ്പ് അനുമതി നല്‍കാതെ നീട്ടി വച്ചിരിക്കുകയാണ്. ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയൂ.
സ്വകാര്യപങ്കാളിത്തം വേണമെന്ന നിര്‍ദേശവും പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. ഈ തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ തന്നെ നിരവധി തടസങ്ങള്‍ ഇനിയും മറികടക്കേണ്ടതുണ്ട്. സ്ഥലമെടുപ്പാണ് ഇതില്‍ പ്രധാനം. ഭൂമിയുടെ വിലയും ലഭ്യതക്കുറവും പദ്ധതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തും.
മാത്രമല്ല കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അതിവേഗ റെയില്‍പ്പാത സഫലമാവുകയാണെങ്കില്‍ മെട്രോ റെയിലിന്റ ആവശ്യം വരുന്നുമില്ല. റെയില്‍പ്പാതയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കഴിഞ്ഞ ദിവസം അതിവേഗ റെയില്‍ കോര്‍പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് 300 കിമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 150 മിനിറ്റു കൊണ്ട് എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍പ്പാത നിലവിലെ റെയില്‍പ്പാതയോടും ദേശീയ പാതയോടും ചേര്‍ന്ന് നിര്‍മിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇങ്ങനെയായാല്‍ മെട്രോ റെയില്‍ എന്ന സ്വപ്നം മുളയിലേനുള്ളേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."